കോഴിക്കോട്: 1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്. ഡൽഹിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നു. കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി ലീഡറുടെ മകൻ കെ. മുരളീധരൻ തന്നെ ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.1996- ൽ മുരളിയായിരുന്നു മത്സരരംഗത്ത്. ഇടതു സ്ഥാനാർത്ഥി എം. പി വീരേന്ദ്രകുമാറിനോട് നേരിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും 89-ലും 91-ലും മുരളിക്കായിരുന്നു ജയം.
അത്തവണയും വീരേന്ദ്രകുമാർ ആയിരിക്കും ഇടതു സ്ഥാനാർത്ഥിയെന്ന് ഉറപ്പായിരുന്നു. ഇതിനിടയിലാണ് ഡൽഹിയിൽ നിന്ന് പി. ശങ്കരന് ലീഡറുടെ ഒരു ഫോൺ കോൾ വന്നത്. കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥി ശങ്കരനാണെന്നും ഉടനെ നോമിനേഷൻ കൊടുക്കണമെന്നുമായിരുന്നു നിർദ്ദേശം.
ആദ്യമൊന്നു പകച്ചു. ഏതു ഘട്ടത്തിലും ലീഡർക്കൊപ്പം ഉറച്ചു നിന്നിട്ടുള്ളതിനാൽ ലീഡറുടെ ഏത് വാക്കും ദൈവവചനമായിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. രണ്ടു ദിവസത്തിനകം പ്രചാരണം ശക്തമായി. എതിരാളി ആരെന്നു ചിന്തിക്കാതെ എല്ലാം മറന്ന് പ്രചാരണത്തിൽ മുഴുകി.ഫലം വന്നപ്പോൾ എം.പി. വീരേന്ദ്രകുമാർ പി ശങ്കരനോട് 11,683 വോട്ടുകൾക്ക് പരാജയപ്പെട്ടു.
13 മാസം മാത്രമേ ആ ലോക്‌സഭയ്‌ക്ക് ആയുസ്സ് ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒട്ടേറെ കാര്യം ജനങ്ങൾക്കു വേണ്ടി ചെയ്യാൻ സാധിച്ചുവെന്ന് പി ശങ്കരൻ പറഞ്ഞു.എല്ലാ വെള്ളിയാഴ്ചയും അംഗങ്ങൾക്ക് ലോക്‌സഭയിൽ ഇഷ്‌ടമുള്ള വിഷയം അവതരിപ്പിക്കാം. കിട്ടുന്ന അപേക്ഷകൾ നറുക്കിട്ടാണ് അംഗത്തെ തിരഞ്ഞെടുക്കുക. ശങ്കരനും അപേക്ഷ നൽകിയിരുന്നു. നറുക്കു വീണ് സ്പീക്കർ പേരു വിളിച്ചപ്പോൾ, ശങ്കരൻ ഒരു മന്ത്രിയുടെ കാബിനിൽ ഒരു പ്രധാ വിഷയം ചർച്ച ചെയ്യുകയായിരുന്നു,
ഒരു എം.പി വിവരമറയിച്ചപ്പോൾ പാർലമെന്റ് ഹാളിലേക്ക്. പക്ഷേ, പുതുമുഖമായത് കൊണ്ട് വഴിതെറ്റി കയറിയത് രാജ്യസഭയിൽ ആയിപ്പോയി! സ്പീക്കറുടെ സീറ്റിൽ കൃഷ്ണകാന്തിനെ കണ്ടപ്പോൾ അതേ വേഗത്തിൽ തിരിച്ചിറങ്ങി. ധൃതിയിൽ ലോക്‌സഭയിലെത്തി പ്രസംഗം തുടങ്ങുകയും ചെയ്ഡതു.
നാളികേരത്തിന് താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമാണ് അന്ന് പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഉച്ചഭക്ഷണത്തിന് സഭ പിരിഞ്ഞപ്പോൾ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകൻ വന്ന് അഭിനന്ദിച്ചു. അറിയാതെ രാജ്യസഭയിൽ കയറിപ്പോയ കാര്യവും ലേഖകനോടു പറഞ്ഞു. പക്ഷേ, അടുത്ത ദിവസം ആ പത്രത്തിൽ വാർത്ത വന്നത് താൻ രാജ്യസഭയിൽ കയറി പ്രസംഗിച്ചെന്നും, സ്പീക്കർ തടഞ്ഞെന്നുമാണ്.
വിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് 1999-ൽ തിരഞ്ഞെടുപ്പ് വേണ്ടി വന്നു. രാജ്യത്തെ എല്ലാ സിറ്റിംഗ് എം. പിമാർക്കും കോൺഗ്രസ് ടിക്കറ്റ് നൽകിയെങ്കിലും തനിക്കു മാത്രം ലഭിച്ചില്ല. കെ. മുരളീധരനു വേണ്ടി ഒഴിഞ്ഞു കൊടുക്കണമെന്ന് ലീഡർ ആവശ്യപ്പെടുകയായിരുന്നു. വിഷമത്തോടെയാണെങ്കിലും വഴിമാറിക്കൊടുത്തു. അടുത്ത സംസ്ഥാന മന്ത്രിസഭയിൽ തന്നെ ആരോഗ്യവകുപ്പു മന്ത്രിയാക്കിയാണ് ലീഡർ അതിനു പ്രത്യുപകാരം ചെയ്‌തത്. പി. ശങ്കരൻ നന്ദിപൂർവം ഓർക്കുന്നു.