കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് സർവീസിൽ നിന്ന് വിരമിച്ചു. വി.ആർ.എസിനായി അദ്ദേഹം ചീഫ് സെക്രട്ടറിക്കും കേന്ദ്രസർക്കാരിനും കത്ത് നൽകി. ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് സ്ഥിരീകരിച്ചു.
കഴിഞ്ഞ തവണത്തെ പാർട്ടി ഹൈപവർ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിയാകാനുളള തീരുമാനം എടുത്തതെന്ന് സാബു പറഞ്ഞു. “ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നായിരുന്നു യോഗം ചർച്ച ചെയ്തത്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണക്കാൻ ആരും തയ്യാറായിരുന്നില്ല. ചിലർ ബി.ജെ.പിയെ പിന്തുണയ്ക്കാമെന്ന് പറഞ്ഞു. പത്ത് ശതമാനത്തോളം പേർ നോട്ടയ്‌ക്ക് വോട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എല്ലാവരും സ്വന്തം സ്ഥാനാർത്ഥിയെ നിർത്താമെന്ന നിർദ്ദേശം മുന്നോട്ട് വച്ചു,”
“മികച്ചൊരു സ്ഥാനാർത്ഥിക്ക് വേണ്ടി പാർട്ടി പലരോടും കൂടിയാലോചന നടത്തി. കൊച്ചൗസേഫ് ചിറ്റിലപ്പളളിയടക്കം അഞ്ചോളം പേർ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസാണ് സമ്മതം അറിയിച്ചത്. മത്സരിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹമിപ്പോൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. അതിനാൽ അദ്ദേഹത്തിന്റെ കാര്യം പറയാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല.” സാബു പറഞ്ഞു.
“കഴിഞ്ഞ എഴുപത് വർഷക്കാലം ചാലക്കുടിയെ പ്രതിനിധീകരിച്ച എം.പിമാർ ആര് ചെയ്തതിനേക്കാളും പത്തിരട്ടിയെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യും. കിഴക്കമ്പലം പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. അത്തരമൊരു പ്രവർത്തനം തന്നെയാകും ചാലക്കുടിയിൽ ജയിച്ചാലും നടത്തുക. അതിന് പ്രത്യേകമായൊരു തിരഞ്ഞെടുപ്പ് പ്രചാരണ പത്രിക തയ്യാറാക്കില്ലെന്നും” സാബു വ്യക്തമാക്കി.
ജേക്കബ് തോമസ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ട്വന്റി ട്വന്റിയോ , ജേക്കബ് തോമസോ സ്ഥിരീകരിച്ചിരുന്നില്ല.
1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഒന്നര വർഷത്തോളം സർവീസ് ബാക്കിയുണ്ട്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബർ മുതൽ സസ്പെൻഷനിലായിരുന്നു അദ്ദേഹം.