ന്യൂഡൽഹി: 'ഇസ് ബാർ മോദി സർക്കാർ" എന്നായിരുന്നു അഞ്ചു വർഷം മുൻപത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. അത് ഇക്കുറി 'ഫിർ ഏക് ബാർ മോദി സർക്കാർ" ( ഒരിക്കൽ കൂടി മോദി സർക്കാർ) എന്നായി മാറി. എന്നാൽ 'ഇസ് ബാർ മോദി ബെറോജ്ഗർ" എന്നാണ് ഇത്തവണ സി.പി.എം കണ്ടെത്തിയ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. അതായത് ഇക്കുറി മോദിയെ തൊഴിൽ രഹിതനാക്കണമെന്ന്. കഴിഞ്ഞയാഴ്ച പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ചേർന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് മോദി സർക്കാരിനെ താഴെയിറക്കാൻ പുതിയ മുദ്രാവാക്യം സി.പി.എം തീരുമാനിച്ചത്. രാജ്യത്തെ രക്ഷിക്കാൻ മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക, ഇടതുപക്ഷത്തിന്റെ നയ പരിഷ്കരണങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുക, കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നിവയാണ് ഇക്കുറി സി.പി.എം പ്രചാരണത്തിന്റെ പ്രധാന അജൻഡകളെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കി.