kodiyeri-balakrishnan

ആലപ്പുഴ: സംസ്ഥാനത്തെ അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിൽ ബി.ജെ.പിയുമായി യു.ഡി.എഫ് ധാരണയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചു. ബി.ജെ.പി പ്രവർത്തകർക്ക് പരിചയമില്ലാത്തവരാണ് വടകര, കണ്ണൂർ, എറണാകുളം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു സമുദായ സംഘടനയുടെ അംഗീകാരം കിട്ടാത്തതിനാലാണ് പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്. ആർ.എസ്.എസ് ഹിന്ദുത്വ ധ്രുവീകരണവും മുസ്ളിംലീഗ് മുസ്ളിം ധ്രുവീകരണവും നടത്തുന്നു. യു.ഡി.എഫ് പിന്തുണയോടെ എസ്.ഡി.പി.ഐ, ജമാ അത്തെ ഇസ്ളാമി എന്നീ വർഗീയ ശക്തികളുമായി ലീഗ് ധാരണയിൽ പ്രവർത്തിക്കുന്നു.

സംസ്ഥാന കോൺഗ്രസ് നേതൃത്വം മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. 1991ൽ വടകരയിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും കോ-ലീ-ബി സഖ്യത്തിന്റെ പ്രചാരകനായിരുന്നു മുല്ലപ്പള്ളി. അന്നത്തെ സഖ്യത്തെക്കുറിച്ച് കെ.ജി. മാരാരുടെ ആത്മകഥയിലെ 18-ാം അദ്ധ്യായം കോടിയേരി വായിച്ചു കേൾപ്പിച്ചു.

സി.പി.എം ഓഫീസിൽ ഒരുതരത്തിലുള്ള പീഡനങ്ങളും നടന്നിട്ടില്ല. പീഡന കേസിലെ പ്രതികളാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെന്ന കാര്യം മറക്കരുത്. ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വയം ചികിത്സിക്കുകയാണ് വേണ്ടത്. പരസ്യ സംവാദത്തിനുള്ള മുല്ലപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. സ്ഥലം അവർ തീരുമാനിക്കട്ടെ. ശബരിമല വിഷയത്തിൽ ഇട‌ത് മുന്നണിക്ക് വോട്ട് കൂടും.