kerala-floods-cars

കൊച്ചി: പ്രളയത്തിൽ മുങ്ങിയ വാഹനങ്ങൾ ചോദിക്കുന്ന വിലയ്‌ക്ക് വാങ്ങി ഭീകരപ്രവർത്തനങ്ങൾക്കും ലഹരികടത്തിനും കൈമാറുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി സൂചന. ഒരു റിട്ട. പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു.

ചെന്നൈ സിറ്റി പൊലീസിലെ ക്രൈം സ്‌ക്വാഡ് അംഗമായ പൊലീസുകാരൻ മഹാവീറാണ് വാഹന ഇടപാടിലെ പ്രധാനി. ചില ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾ സസ്‌പെൻഷനിലാണ്. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ ക്യാമ്പ് ചെയ്‌താണ് ഇയാൾ വാഹനങ്ങൾ വാങ്ങിയത്. പ്രളയത്തിൽ കേടുപാടുപറ്റിയ വാഹനങ്ങൾ ഇൻഷ്വറൻസ് സർവേയർമാർ പരിശോധിക്കും. ഇവരാണ് വാഹനം വാങ്ങാൻ ആളുണ്ടെന്ന വിവരം ഉടമകളെ അറിയിക്കുന്നത്. ഇത്തരത്തിൽ ഇൻഷ്വറൻസ് സർവേയർ മുൻ പൊലീസ് മേധാവിയെ സമീപിച്ചു. രണ്ടു ദിവസത്തിനുള്ളിൽ മഹാവീർ വീട്ടിലെത്തി. പറഞ്ഞ വില കുറവാണെന്ന് പറഞ്ഞപ്പോൾ എത്ര വേണമെന്നായി. ചോദിച്ച തുകയ്‌ക്ക് കച്ചവടം ഉറപ്പിച്ചു. ഒരു മാസത്തിനുള്ളിൽ ഓണർഷിപ്പ് മാറാമെന്നും അറിയിച്ചു. കച്ചവ‌ടം ഉറപ്പിച്ചതോടെ നിമിഷങ്ങൾക്കകം അക്കൗണ്ടിൽ പണമെത്തി. പണത്തിന്റെ ഇടപാടുകൾ ചെന്നൈയിലുള്ളയാളാണ് നിർവഹിക്കുന്നത്. മഹാവീറിന്റെ തിരിച്ചറിയൽ കാർഡ് പൊലീസ് മേധാവി വാങ്ങിയിരുന്നു.

ഓണർഷിഷ് മാറ്റാതെ വന്നതോടെ മഹാവീറിനെ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭിച്ചില്ല. ഇതോടെ പൊലീസ് മേധാവി ചെന്നൈയിലെത്തി അന്വേഷണം നടത്തി. മൂന്നു ദിവസത്തെ അന്വേഷണത്തിനിടയിൽ മഹാവീറിനെ കണ്ടെത്തി. ഉടൻ ഓണർഷിപ്പ് മാറ്റാമെന്ന് പറഞ്ഞെങ്കിലും ചെയ്‌തില്ല. ഇയാൾ പൊലീസുകാരനാണെന്ന് മനസിലായതോടെ മുൻ പൊലീസ് മേധാവി ചെന്നൈ ഡി.സി.പി മുത്തുസ്വാമിയെ കാര്യങ്ങൾ ധരിപ്പിച്ചു. ചില ക്രിമിനൽ കേസുകളിൽ പ്രതിയായി മഹാവീർ സസ്‌പെൻഷനിലാണെന്ന് അപ്പോഴാണ് മനസിലായതെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്നവരാണെന്നും സൂചന ലഭിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

അന്വേഷണം തുടങ്ങി

മുൻ പൊലീസ് മേധാവിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി. കളമശേരി സി.ഐയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഓണർഷിപ്പ് മാറ്റുന്നില്ലെന്നാണ് പ്രധാന പരാതി. ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കും.

എസ്. സുരേന്ദ്രൻ,

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ