5state-

പാറ്റ്ന: ബീഹാറിൽ ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായി. മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ബീഹാറിലെ 40 സീറ്റുകളിൽ സീറ്റ് വിഭജനം പൂർത്തിയായത്. ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡി 20 സീറ്റിലും കോൺഗ്രസ് 9, ആർ.എസ്.എൽ.പി 5, ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം- എസ് മൂന്ന് സീറ്റുകളിലും മത്സരിക്കുമെന്ന് ഉന്നത നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വികാശീൽ ഇൻസാഫ് പാർട്ടിക്ക് മൂന്നും സി.പി.ഐ.എം.എല്ലിന് ആർ.ജെ.ഡി ക്വാട്ടയിൽ നിന്ന് ഒരു സീറ്റും നൽകിയിട്ടുണ്ട്.

ആർ.ജെ‌.ഡിയുടെ റാന്തൽ ചിഹ്നത്തിലാകും ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ് മത്സരിക്കുക. തിരഞ്ഞെടുപ്പിന് ശേഷം ലോക്‌താന്ത്രിക് ജനതാദൾ ആർ.ജെ.ഡിയിൽ ലയിക്കുമെന്നും നേതാക്കൾ അറിയിച്ചു. രാജ്യസഭയിലേക്ക് സംസ്ഥാനത്തുണ്ടാകുന്ന ആദ്യ ഒഴിവ് കോൺഗ്രസിന് നൽകാനും ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായി.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും മഹാസഖ്യത്തിലെ മറ്റ് പാർട്ടികളുമായി കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ചർച്ചകൾ നടക്കുകയായിരുന്നു. 11 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടതെങ്കിലും 9ൽ മത്സരിപ്പിക്കാനായിരുന്നു ആർ.ജെ.ഡി തീരുമാനം.

എൻ.ഡിഎയിൽ ബി.ജെ.പിയും ജനതാ ദൾ യുണൈറ്റഡും തുല്യ സീറ്റുകളിലാണ് മത്സരിക്കുന്നത് (17 വീതം). ശേഷിക്കുന്ന ആറിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും.