yasin-

ജമ്മു കാശ്മീർ: കാശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കാശ്മീർ ലിബറേഷന്‍ ഫ്രണ്ടിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജമ്മുകാശ്മീരിൽ നടത്തുന്ന വിഘടനവാദ പ്രലർത്തനങ്ങളുടെ പേരിലാണ് നിരോധനം.

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സുരക്ഷാവിഷയങ്ങൾ സംബന്ധിച്ച മന്ത്രിതല സമിതിയാണ് തീരുമാനം എടുത്തത്.

1988 മുതൽ കാശ്മീരിൽ സജീവമായി നിൽക്കുന്ന സംഘടനയെ നിരോധിക്കാൻ തീരുമാനിച്ചതായി അറിയിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ കാശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെയും സുരക്ഷ എജൻസിക്ക് നേരെയും ഉള്ള പല ആക്രമണങ്ങളിലും ജെ.കെ.എൽ.എഫിന് പങ്കുള്ളതായും പറഞ്ഞു.

ജെ.കെ.എൽ.എഫ് അടക്കമുള്ള സംഘടനകൾക്ക് പാകിസ്താനിൽ നിന്ന് സഹായം ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസത്തിനിടെ കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ സംഘടനയാണ് ജെ.കെ.എൽ.എഫ്. ജമാഅത്തെ ഇസ്‌ലാമി ജമ്മു കാശ്മീരിനും കേന്ദ്രസർക്കാർ നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.