velapally

ചേർത്തല: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് ആറോടെ എത്തിയ കോടിയേരി അരമണിക്കൂറിലധികം ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സൗഹൃദ സന്ദർശനമെന്നാണ് മദ്ധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചത്. എൻ.എസ്.എസുമായുള്ള അഭിപ്രായ ഭിന്നതയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മുൻ നിലപാട് മയപ്പെടുത്തുന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പാർട്ടിക്ക് ആരോടും നിഷേധാത്മകമായ നിലപാടില്ല. അനുവാദമുണ്ടെങ്കിൽ ആരേയും കാണാൻ തയ്യാറാണ്. എന്നു കരുതി അടച്ചിട്ട വാതിലിൽ ഇതിനായി മുട്ടിവിളക്കില്ല- കോടിയേരി പറഞ്ഞു.

തുഷാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതയ്ക്ക് നിരക്കാത്തതാണ്. തുഷാർ മത്സരിക്കുന്നതിൽ എതിർപ്പില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെ ഭാരവാഹിത്വം ഒഴിയണമെന്നാണ് അഭിപ്രായം. തിരഞ്ഞെടുപ്പിൽ യോഗത്തിന്റെ നിലപാട് ശരിദൂരമാണെന്നും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് ബി.ജെ.പിയുടെ ശോഭ കെടുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.