modi-

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ നോട്ട് നിരോധനം മുതൽ ജി.എസ്.ടി വരെയുള്ള പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയ ഭരണകാലമായിരുന്നു നരേന്ദ്രമോദിയുടേത്. മോദിയുടെ കാലത്തെ രാജ്യത്തെ സാമ്പത്തിക രംഗത്തെ 'മോദിണോമിക്സ് ' എന്നും വിശേഷിപ്പിച്ചിരുന്നു. മോദിണോമിക്സ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ അടിമുടി പരിഷ്കരിച്ചുവെന്നാണ് നരേന്ദ്രമോദിയും കേന്ദ്രസർക്കാരും അവകാശപ്പെട്ടിരുന്നത്.

എന്നാൽ സാമ്പത്തികമേഖലയിലെ മോദിയുടെ ഇടപെടലിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് നോട്ട് നിരോധനത്തെ എതിർത്തിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മോദിയുടെ സാമ്പത്തിക നയങ്ങളായ മോദിണോമിക്സിനെ കൃത്യമായി വിലയിരുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് പറയുന്നവരുമുണ്ട്.

ഈ വിമർ‌ശനങ്ങൾക്കിടയിലാണ് അ‍ഞ്ചുവർഷത്തെ മോദി ഭരണം ഇന്ത്യൻ സാമ്പത്തികരംഗത്തിന് എപ്രകാരമാണ് ബാധിച്ചതെന്ന് വിശകലനം ചെയ്തുകൊണ്ടുള്ള 'ദി ഗ്രേറ്റ് ഡിസപ്പോയ്മെന്റ്' എന്ന പുസ്തകം എത്തുന്നത്. സാമ്പത്തിക- രാഷ്ട്രീയ വിദഗ്ദ്ധനായ സൽമാൻ അനീസ് സോസാണ് പുസ്തകത്തിന്റെ രചയിതാവ്. മോദിണോമിക്സിനെ പുസ്തകത്തിന്റെ പേരായ ദി ഗ്രെയ്റ്റ് ഡിസപ്പോയ്മെന്റ് എന്നാണ് അദ്ദഹേം വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തികരംഗത്തെ മോദിണോമിക്സ് എങ്ങനെ ബാധിച്ചുവെന്നാണ് പുസ്തകത്തിലുള്ളത്. ദി ഗ്രേറ്റ് ഡിസപ്പോയ്മെന്റ് എന്ന തലക്കെട്ടുകൊണ്ട് തന്നെ മോദിക്കാലത്ത് സാമ്പത്തിക രംഗത്തുണ്ടായ മാറ്റത്തെ എഴുത്തുകാരൻ എങ്ങനെയാണ് വിലയിരുത്തുന്നു എന്നത് വ്യക്തമാണ്.

മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങളെ വളരെ സൂക്ഷമമായി പരിശോധിക്കുകയാണ് സൽമാൻ അനീസ് പുസ്തകത്തിൽ. രൂപയുടെ മൂല്യം കൂപ്പുകുത്തിയതും ജി.ഡി.പിയിലുണ്ടായ വ്യതിയാനങ്ങളുമെല്ലാം എന്തുകൊണ്ടാണെന്ന് പുസ്തകത്തിൽ വ്യക്തമാക്കുന്നു. പെൻഗ്വിൻ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.