ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിനെ നേരിടും.ചെന്നൈയിൽ ഇന്ന് രാത്രി 8 മുതലാണ് മത്സരം. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എല്ലിന് ഇത്തവണ വർണാഭമായ ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല. ജവാൻമാരുടെ ക്ഷേമത്തിനായി ബി.സി.സി.ഐ പ്രഖ്യാപിച്ച ഇരുപത് കോടി രൂപയുടെ ഒരു ഗഡു ഇന്ന് ധോണിയും കൊഹ്‌ലിയും ചേർന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് മത്സരത്തിന് മുമ്പ് കൈമാറും. എട്ട് ടീമുകളാണ് ടൂർണമെന്റിൽ ഏറ്രുമുട്ടുന്നത്.അറുപത് മത്സരങ്ങളാണുള്ളത്. കഴിഞ്ഞ സീസീൺ വരെ ഡൽഹി ഡെയർഡെവിൾസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടീം ഇത്തവണ ഡൽഹി ക്യാപിറ്റൽസ് എന്ന പേരിലാണ് കളത്തിലിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പും ഏകദിന ലോകകപ്പും ഐ.പി.എല്ലിന് ഇത്തവണ തലവേദന സൃഷ്ടിച്ചു. മേയ് 30ന് ഏകദിന ലോകകപ്പ് തുടങ്ങുന്നതിനാൽ ഐ.പി.എൽ ഇത്തവണ നേരത്തേ തുടങ്ങേണ്ടി വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികളുമായി കൂട്ടിമുട്ടാത്ത തരത്തിലാണ് ഇത്തവണ ഐ.പി.എൽ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മൂന്ന് തവണ വീതം ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും മുംബയ് ഇന്ത്യൻസുമാണ് ഐ.പി.എൽ കിരീടം ഏറ്രവും കൂടുതൽ സ്വന്തമാക്കിയിട്ടുള്ളത്.ലോകകപ്പ് വരുന്നതിനാൽ വിശ്രമത്തിനായി കൊഹ്‌ലി ഐ.പി.എല്ലിലെ ചില മത്സരങ്ങളിൽ നിന്ന് വിട്ട് നിന്നേക്കും.