തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ കേന്ദ്രനേതാക്കൾക്ക് കൈക്കൂലി നൽകിയെന്ന ആരോപണത്തിന് പിന്നാലെ ട്രോളുമായി മന്ത്രി എം.എം. മണി. 'ഒരു ചൗക്കിദാരുടെ (കോഴ) ഡയറിക്കുറി'പ്പെന്നായിരുന്നു എം.എം. മണിയുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ചൗക്കിദാർമാർ ഇനി പെൻഷൻ വാങ്ങട്ടെ'യെന്നും മണിയാശാൻ ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ പിയുടെ കേന്ദ്രനേതാക്കൾ യെദ്യൂരപ്പയിൽ നിന്നും 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാവ് ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കൾക്കും ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായാണ് വെളിപ്പെടുത്തല്‍. 'കാരവൻ' മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
അതേസമയം തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. ആദായനികുതി വകുപ്പ് അന്വേഷിച്ച് വ്യാജമെന്ന് കണ്ടെത്തിയതാണ് രേഖകൾ. ആ രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നാണ് യെദ്യൂരപ്പ വിശദമാക്കിയത്.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നൽകിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗഡ്കരിക്കും ജെയ്‍റ്റ‍്‍ലിക്കും 150 കോടി വീതം നൽകി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നൽകി . രാജ്‌നാഥ് സിംഗിന് നൽകിയത് 100 കോടിയെന്നും ഡയറിയിൽ വ്യക്തമാക്കുന്നു. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി നൽകി . ജഡ്ജിമാർക്ക് 500 കോടി നൽകിയെന്നും യെദ്യൂരപ്പയുടെ ഡയറിയിൽ വിശദമാക്കുന്നു.
കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം പച്ചക്കള്ളമെന്നും. കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത് വ്യാജരേഖയാണെന്നും യെദ്യൂരപ്പയുടെ ഡയറി നുണകളുടെ വലയാണെന്നും ബിജെപി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു