ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ സൂപ്പർ പോരാട്ടം. ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സാക്ഷാൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂ്പർ കിംഗ്സും തമ്മിൽ ഏറ്രുമുട്ടുന്ന ഉദ്ഘാടനപ്പോര് ആരാധകർക്ക് വിരുന്നാകും എന്ന് തന്നെയാണ് പ്രതീക്ഷ. ചൈന്നൈയുടെ തട്ടകമായ ചിദംബരം സ്റ്രേഡിയത്തിൽ ആദ്യ പന്തുമുതൽ ആവേശം വാനോളമുയരും. ചരിത്രം പരിശോധിച്ചാൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. മുൻകാലങ്ങളിൽ ബാംഗ്ലൂരിനെതിരെ ചെന്നൈ വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്. വയസൻ പടയെന്ന് ആക്ഷേപം നേരിടുമ്പോഴും യുവതാരങ്ങൾ ഉൾപ്പെട്ട എതിർ ടീമുകളെ പലപ്പോഴും മലർത്തിയടിച്ച ചരിത്രമാണ് ചെന്നൈക്ക് പറയാനുള്ളത്. ഇത്തവണയും മികവ് തുടരാമെന്ന പ്രതീക്ഷയിലാണ് ധോണിയും സംഘവും. അതേസമയം സൂപ്പർ പേസർ ലുൻഗി എൻഗിഡി പരിക്കേറ്ര് പിൻമാറിയത് തിരിച്ചടിയാണ്. മറുവശത്ത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുമെങ്കിലും നിർണായക സമയങ്ങളിൽ ഇടറി വീണ കഥയാണ് മറുഴശത്ത് ബാംഗ്ലൂരിന് പറയാനുള്ളത്. കഴിഞ്ഞ വർഷങ്ങളിലെ ചീത്തപ്പേര് മാറ്രി ഇത്തവണ കിരീടമുയർത്താൻ കഴിയുമെന്ന് തന്നെ ബാഗ്ലൂർ സ്വപ്നം കാണുന്നു.
ടിക്കറ്ര് തുക വീരമൃതുവരിച്ച ജവാൻമാരുടെ കുടുംബത്തിന്
ഇന്ന് നടക്കുന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റ് തുക പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് നൽകുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ടീം അധികൃതർ അറിയിച്ചു. മത്സരത്തിനു ശേഷം ടീം ക്യാപ്ടനും ടെറിറ്റോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലുമായ എം.എസ് ധോനി ചെക്ക് കൈമാറും.
ഓർമ്മിക്കാൻ
ഇതുവരെ 22 മത്സരങ്ങളിൽ ഇരു ടീമും മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 14ലും ചെന്നൈ ജയിച്ചു. ബാംഗ്ലൂർ ജയിച്ചത് 7 എണ്ണത്തിൽ മാത്രം. ഒരെണ്ണത്തിൽ റിസൾട്ടുണ്ടായില്ല.
34-14ആണ് ചിദംബരം സ്റ്രേഡിയത്തിൽ ചെന്നൈയുടെ വിജയ പരാജയ കണക്ക്.
ഈ സ്റ്രേഡിയത്തിൽ കളിച്ചിട്ടുള്ള എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിലെ ബാംഗ്ലൂർ ജയിച്ചിട്ടുള്ളൂ.
ഐ.പി.എല്ലിൽ അയ്യായിരം റൺസ് തികയ്ക്കാൻ കൊഹ്‌ലിക്ക് 52 റൺസും റെയ്നയ്ക്ക് 15 റൺസും കൂടി മതി.
സാധ്യതാ ടീം
ചെന്നൈ - വാട്സൺ, ഡുപ്ലെസിസ്, റെയ്ന, റായിഡു, ധോണി, കേദാർ, ബ്രാവോ, ജഡേജ, ഹർഭജൻ, ചഹാർ, വില്ലി.
ബാംഗ്ലൂർ- കൊഹ്‌ലി, പാർത്ഥിവ്, ഡിവില്ലിയേഴ്സ്, ക്ലാസ്സൻ, ഹെറ്റ്‌മേയർ, മോയിൻ, സുമ്ദർ, നേഗി, ചഹാൽ, സിറാജ്,ഉമേഷ്.