ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള സാം പിത്രോദയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. ഭീകരതയെ പ്രതിരോധിക്കുന്നതിന് ഒപ്പം അതിന്റെ ഉറവിടത്തിൽച്ചെന്നു മറുപടി നൽകുകയെന്നത് ഇന്ത്യയുടെ സുരക്ഷാ തത്വമാണെന്ന് ജയ്റ്റ്ലി പറഞ്ഞു. പിത്രോദയുടെ വാക്കുകൾ ദൗർഭാഗ്യകരവും പാക്കിസ്ഥാന്റെ നീക്കത്തിനുള്ള അനുഗ്രഹവുമാണെന്ന് ജയ്റ്റ്ലി പ്രതികരിച്ചു.
ഇന്ത്യയുടെ സുരക്ഷാ നയം ഇപ്പോൾ മാറിയിരിക്കുന്നു. ഗുരു ഇങ്ങനെയാണു പറയുന്നതെങ്കിൽ അയാളുടെ വിദ്യാർഥികൾ എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാകുമെന്നും അദ്ദേഹം പരിഹസിച്ചു.
പിന്നോട്ടിറങ്ങിക്കളിച്ചാൽ ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ സാധിക്കില്ല.ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെയോ, വ്യോമാക്രമണത്തെയോ പാക്കിസ്ഥാനല്ലാതെ മറ്റൊരു രാജ്യവും വിമർശിച്ചിട്ടില്ല. പാകിസ്ഥാന്റെ സ്വരത്തിൽതന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ജയ്റ്റ്ലി പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ വികാരത്തെയാണു ഹനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമ പോലുള്ള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലർ നടത്തിയ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നുമായിരുന്നു പിത്രോദയുടെ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.