ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി വിവേക് ഒബ്‌റോയ് പ്രധാന വേഷത്തിലെത്തുന്ന പി എം നരേന്ദ്രമോദിയെന്ന ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലർ കണ്ട് ഞെട്ടിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ.
സിനിമയ്ക്ക് വേണ്ടി താൻ ഒറ്റപ്പാട്ട് പോലും എഴുതിയിട്ടില്ലെന്നും തന്റെ പേര് പോസ്റ്ററിൽ കണ്ട് ഞെട്ടിയിരിക്കുകയാണെന്നും ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. പ്രസൂൺ ജോഷി, സമീർ എന്നിവർക്കൊപ്പമാണ് ക്രെഡിറ്റ് പോസ്റ്ററിൽ ജാവേദ് അക്തറിന്റെയും പേര് വന്നത്.
മോദിയുടെയും ബി.ജെ.പിയുടെയും വിമർശകനും മുൻ രാജ്യസഭാ എം.പിയുമായ ജാവേദ് അക്തർ സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിയെന്നത് വാർത്തയായിരുന്നു. ഇതിനിടെയാണ് അദ്ദേഹം സത്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
Am shocked to find my name on the poster of this film. Have not written any songs for it ! pic.twitter.com/tIeg2vMpVG
— Javed Akhtar (@Javedakhtarjadu) March 22, 2019
പി.എം നരേന്ദ്ര മോദി’ സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മേരികോം’, ‘സരബ്ജിത്ത്’ സിനിമകൾ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഏപ്രിൽ 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഏപ്രിൽ അഞ്ചിന് തന്നെ ചിത്രമെത്തുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.