തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ജയിക്കില്ലെന്നും അതുകൊണ്ട് വട്ടിയൂർകാവിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരില്ലെന്നും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു എം.എൽ.എമാരും വിജയിക്കില്ലെന്ന് കുമ്മനം കൂട്ടിച്ചേർത്തു.
പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യത്തിന്റെ കാര്യത്തിൽ ബി.ജെ.പിയിൽ യാതൊരു തർക്കവുമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എം.എൽ.എമാരെ മത്സരിപ്പിക്കുന്നതിന് കാരണം കക്ഷത്തിൽ ഉള്ളത് പോവാതെ ഉത്തരത്തിലുള്ളത് എടുക്കാനുള്ള ശ്രമമാണെന്നും കുമ്മനം പരിഹസിച്ചു. സംസ്ഥാനത്ത് കോ.ലി.ബി സഖ്യമുണ്ടെന്ന് ആരോപണവും അദ്ദേഹം നിഷേധിച്ചു.
ബി.ജെ.പിയെ തോൽപ്പിക്കാൻ വേണ്ടി വട്ടിയൂർകാവിൽ കോൺഗ്രസിന് വോട്ട് മറിച്ചവരാണ് സി.പി.എം. സി.പി.എം എങ്ങിനെ മൂന്നാം സ്ഥാനത്ത് പോയത് എന്ന കാര്യം എല്ലാവർക്കും അറിയാമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന കുമ്മനം രാജശേഖരന്റെ എതിരാളികൾ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൽ.ഡി.എഫിന്റെ സി. ദിവാകരനുമാണ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം.