ന്യൂഡൽഹി : ഇന്ത്യയുടെ ആയുധങ്ങൾക്കും മിസൈലുകൾക്കും പോർവിമാനങ്ങൾക്കും മുന്നിൽ തങ്ങളുടെ ചൈനീസ് വിമാനങ്ങൾ പറത്താൻ കഴിയില്ലെന്ന് പാകിസ്ഥാൻ. മലേഷ്യയിലെ ഒന്നാമത്തെ പ്രതിരോധ പ്രദർശനമായ ലങ്കാവി രാജ്യാന്തര മാരിടൈം ആൻഡ് ഏയ്റോസ്പേസ് എക്സിബിഷൻ 2019ൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് പോർവിമാനം പങ്കെടുക്കും. എന്നാൽ പാകിസ്ഥാന്റെ കൈവശമുള്ള ചൈനീസ് നിർമ്മിത പോർവിമാനം ജെ.എഫ്17 പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിരോധ വിപണിയിലെ പോർവിമാന പ്രദർശനം കൂടിയായ എൽ.ഐ.എം.എ-19ൽ ഇന്ത്യയുടെ തേജസിനു മുന്നിൽ ജെ.എഫ്17 ശ്രദ്ധിക്കാതെ പോകുമെന്ന് പാക്കിസ്ഥാന് അറിയാമെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. തേജസ് പങ്കെടുത്ത മറ്റു ഷോകളിൽ നിന്നും പാകിസ്ഥാന്റെ ജെ.എഫ്17 വിട്ടുനിന്നിട്ടുണ്ട്. ലോക രാജ്യങ്ങൾ പങ്കെടുക്കുന്ന പോർവിമാന ഷോയിൽ ഇന്ത്യയുടെ തേജസിനു മുന്നിൽ ജെ.എഫ്17 പരാജയപ്പെടുമെന്ന ഭീതിയാണ് പാക്കിസ്ഥാനെന്നും ആരോപണമുണ്ട്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് പോർവിമാനം വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മലേഷ്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിർമ്മിച്ച ജെ.എഫ് 17 പോർവിമാനത്തിന് പകരമായാണ് മലേഷ്യ ഇന്ത്യയുടെ പോർവിമാനത്തിൽ താത്പര്യം പ്രകടിപ്പിച്ചത്. 30 തേജസ് പോർവിമാനങ്ങൾ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ ശ്രീലങ്കയും ജെ.എഫ് 17 പോർവിമാനങ്ങൾ വാങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചിരുന്നു.
ജെ.എഫ് 17 പോർവിമാനത്തേക്കാൾ കൂടുതൽ മികച്ചതാണ് ഇന്ത്യയുടെ തേജസ് പോർവിമാനമെന്നാണ് പല പ്രതിരോധ വിദഗ്ദ്ധരുടേയും അഭിപ്രായം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡാണ് തേജസ് നിർമിക്കുന്നത്. പാക്ക് ചൈനീസ് പോർവിമാനത്തേക്കാൾ വില കൂടുതലാണെങ്കിലും പ്രകടനംകൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നുവെന്നാണ് വിലയിരുത്തൽ.