തിരുവനന്തപുരം : കെട്ടിടനിർമ്മാണ അനുമതി നൽകാൻ നടപ്പിലാക്കിയ ഐ.ബി.പി.എം.എസ് സോഫ്റ്റ്വെയർ നെട്ടോട്ടമോടിക്കുന്നതിനൊപ്പം നഗരവാസികൾക്ക് ഉദ്യോഗസ്ഥരുടെ വക ഇരുട്ടടി. മാർച്ച് 31ന് മുമ്പ് പദ്ധതി നിർവഹണം പൂർത്തിയാക്കണമെന്ന കാരണം പറഞ്ഞാണ് മെയിൻ ഓഫീസിലും 11 സോണലിൽ ഉൾപ്പെട്ട 65 വാർഡുകളിലും അപേക്ഷകളുമായെത്തുന്നവരെ മടക്കി അയയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി സമാനമാണ്. മാർച്ച് മാസത്തിൽ മറ്റ് ജോലികൾ ചെയ്യാതെ പദ്ധതി നിർവഹണത്തിന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നത് ഇക്കുറിയും ഉദ്യോഗസ്ഥർ തുടരുന്നതോടെ അപേക്ഷകളുമായെത്തുന്നവർ കടുത്ത പ്രതഷേധത്തിലാണ്. കെട്ടിട നിർമാണത്തിനുള്ള അപേക്ഷ, ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകൽ, കെട്ടിട നമ്പർ നൽകൽ, കാലാവധി കഴിഞ്ഞ പെർമിറ്റ് പുതുക്കൽ, കെട്ടിടങ്ങൾ ക്രമവത്കരിക്കൽ തുടങ്ങിയവയുടെ അപേക്ഷകൾക്കാണ് വിലക്കുള്ളത്. കൂടാതെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കുന്നതും അനന്തമായി നീളുകയാണ്.
അതേസമയം മാർച്ച് 31 എന്നത് പദ്ധതി നിർവഹണത്തിനുള്ള അവസാന തീയതി അല്ലെന്നുള്ള സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതി അവലോകനം നടത്തുകയാണ് ഇപ്പോഴുള്ള രീതി. അതിനാൽ മാർച്ച് 31ന്റെ പേരിൽ അപേക്ഷകൾ സ്വീകരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വിട്ടുവീഴ്ചയില്ല.
മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കാനുണ്ടെന്നും അതിനാൽ എല്ലാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും അതിന്റെ തിരക്കിലെന്നുമാണ് അധികൃതർ നൽകുന്ന വശദീകരണം. എന്നാൽ മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതുപോലെ എല്ലാ ദിവസവും കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കണമെന്നും സ്വീകരിച്ച അപേക്ഷകളിൽ കാലതാമസം കൂടാതെ അനുമതി നൽകണമെന്നുമുള്ള നിർദ്ദേശവും ഉദ്യോഗസ്ഥർ കാറ്റിൽ പറത്തിയിരിക്കുകയാണ്. എല്ലാ ജോലിയും കഴിഞ്ഞ് സമയമുണ്ടെങ്കിൽ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
തീരാ ദുരിതമായി ഐ.ബി.പി.എം.എസ്
കെട്ടിട നിർമ്മാണ അനുമതി ലഭ്യമാക്കുന്നതിന് സർക്കാർ സോഫ്റ്റ്വെയറായ സങ്കേതത്തെ പിന്തള്ളി കൊണ്ടുവന്ന ഐ.ബി.പി.എം.എസ് സൃഷ്ടിക്കുന്ന ദുരിതം തീരുന്നില്ല. സോഫ്റ്റ്വെയർ നടപ്പാക്കി നാലുമാസം പിന്നിട്ടിട്ടും കമ്പനി അധികൃതരുടെ സഹായത്തോടെയാണ് നഗരസഭയിൽ അപേക്ഷകൾ പരശോധിക്കുന്നത്. ആദ്യം ഒരു കമ്പനി പ്രതിനിധിയായിരുന്നു ഇതിനായി നഗരസഭയിലുണ്ടായിരുന്നത്. എന്നാൽ അപേക്ഷകൾ കുന്നുകൂടിയതോടെ മറ്റൊരു കമ്പനി പ്രതിനിധികൂടി നഗരസഭാ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് അപേക്ഷകൾ പരശോധിക്കുന്നുണ്ട്.
കെട്ടിടനിർമ്മാണ അനുമതിക്കുള്ള അപേക്ഷകൾ നിയമാനുസൃതം പരശോധക്കേണ്ടതും അനുമതി നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടതും ഉദ്യോഗസ്ഥരാണ്. എന്നാൽ സോഫ്റ്റ്വെയറുമായി ഉദ്യോഗസ്ഥർ പരിചിതരായിട്ടില്ല. കമ്പനി ജീവനക്കാർ അടുത്തിടെ കൃത്യമായി ഓഫീസിൽ എത്താതായതോടെ അപേക്ഷകളും കുന്നുകൂടി. കഴിഞ്ഞ ദിവസം ഒരു കൂട്ടം അപേക്ഷകർ മേയറുടെ ഓഫീസിലെത്തി പരാതി നൽകി. ഐ.ബി.പി.എം.എസ് സംസ്ഥാനത്ത് ഉടനീളം സോഫ്റ്റ്വെയർ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിലാണ് തലസ്ഥാനത്ത് നടപ്പാക്കിയത്.
അപേക്ഷകൾ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടില്ല. ഏതെങ്കിലും സോണലുകളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും.- രാജൻ (നഗരസഭ ചീഫ് എൻജിനിയർ)