തിരുവനന്തപുരം: നഗരത്തിലെ യാത്രക്കാരെ ആട്ടോ ഡ്രൈവർമാർ ചൂഷണം ചെയ്യുന്നതായി വ്യാപക ആക്ഷേപമുയർന്നതിനെത്തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി. അമിത കൂലി ഈടാക്കുക, മീറ്റർ ഇടാതെ സർവീസ് നടത്തുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആട്ടോറിക്ഷ ഡ്രൈവർമാരെ പിടികൂടാനാണ് നഗരത്തിലുടനീളം പ്രദേശത്തിന്റെ പരിധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. യാത്രക്കാരുമായി പോകുന്ന വാഹനങ്ങളെയാണ് കൂടുതലായും പരിശോധനകൾക്ക് വിധേയമാക്കിയത്. യാത്രക്കാരോട് അധികൃതർ ആശയ വിനിമയം നടത്തുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പിന്റെ 2016ലെ കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിൽ മാത്രം 66,000 ആട്ടോറിക്ഷകളുണ്ട്. മാന്യമായി നഗരത്തിൽ സവാരി നടത്തി ജീവിക്കുന്ന ഡ്രൈവർമാർക്കു പോലും പേരുദോഷമുണ്ടാക്കുന്ന സമീപനമാണ് ഒരുവിഭാഗം ആട്ടോഡ്രൈവർമാരിൽ നിന്നുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്. അംഗീകൃത സ്റ്റാൻഡിൽ ഓടുന്ന ആട്ടോറിക്ഷകൾ പോലും മീറ്ററിടാതെയും അമിത ചാർജ് ആവശ്യപ്പെട്ടും യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ ഉന്നതാധികാരികൾക്കടക്കം പരാതി നൽകിയിരുന്നു. മിനിമം ചാർജ് ഈടാക്കുന്ന സവാരികൾക്ക് പോലും ഇരട്ടിയിലധികം തുകയാണ് നഗരത്തിലെ ചില ആട്ടോഡ്രൈവർമാർ യാത്രക്കാരിൽ നിന്നും ഈടാക്കുന്നതെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.
മീറ്ററിട്ട് ഓടുന്ന ആട്ടോറിക്ഷകൾ പോലും മീറ്ററിലെ തുകയെക്കാൾ കൂടുതൽ ആവശ്യപ്പെടുന്നത് യാത്രക്കാരുമായുള്ള വാക്കേറ്റത്തിന് വഴിവയ്ക്കുന്നത് നഗത്തിലെ പതിവ് കാഴ്ചയാണ്. പൊതുസ്ഥലങ്ങളിൽ ഡ്രൈവർമാരുമായി വഴക്കിടേണ്ടി വരുന്നതിനാൽ ആത്മാഭിമാനമുള്ള യാത്രക്കാർ ആവശ്യപ്പെടുന്ന തുക നൽകി പോകുകയാണ് പതിവ്. പെട്രോൾ വില ഉയരുന്നതിന് ആനുപാതികമായി നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നുണ്ടെങ്കിലും നിലവിലെ മീറ്റർ വാടകയ്ക്ക് സവാരി നടത്താനാകില്ലെന്നാണ് അമിത ചാർജ് ആവശ്യപ്പെടുന്നതിന് ഡ്രൈവർമാർ ന്യായം പറയുന്നത്.
കൂലി തോന്നിയ പടി
ആദ്യത്തെ ഒന്നര കിലോമീറ്ററിന് ഇരുപത്തഞ്ച് രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും പതിനഞ്ച് രൂപ നിരക്കിലുമാണ് വാടക ഈടാക്കുന്നത്. എന്നാൽ ചില ഡ്രൈവർമാർ മീറ്ററിടാതെ സവാരി നടത്തി ഓരോ കിലോമീറ്ററിനും ഇരുപത്തഞ്ച് രൂപ പ്രകാരം യാത്രക്കാരിൽ നിന്നും ഈടാക്കി പകൽ കൊള്ള നടത്തുകയാണ്. പൊലീസിലും മറ്റ് പരാതിപ്പെട്ടാൽ അതിന്റെ പിന്നാലെ നടക്കേണ്ടി വരുമെന്നുള്ള ഭയത്താൽ പരാതിപ്പെടാനും ആട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്ന സാധാരണ യാത്രക്കാർക്ക് കഴിയുന്നില്ല.
കഴിഞ്ഞ ഒരുവർഷം സംസ്ഥാനമൊട്ടാകെ മീറ്ററുകൾ പ്രവർത്തിക്കാതെ ആട്ടോ സവാരി നടത്തിയതുമായി ബന്ധപ്പെട്ട് 3554 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 456 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത് ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ആട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പരിശോധന നടത്താൻ പൊലീസും പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡും ഉണ്ടെങ്കിലും ഇവ നിർജീവമായ അവസ്ഥയിലാണ്. പരിശോധന ശക്തമാക്കി സാധാരണ യാത്രക്കാർക്ക് ആശ്രയിക്കാവുന്ന വാഹനമായി ആട്ടോറിക്ഷകളെ മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.