തിരുവനന്തപുരം: നമ്മുടെ നഗരത്തിനു മുകളിലൂടെ അർദ്ധരാത്രിയിൽ പറന്ന ഡ്രോൺ (റിമോട്ട് നിയന്ത്രിത ചെറുവിമാനം) തന്ത്രപ്രധാന സുരക്ഷാകേന്ദ്രങ്ങളുടെ ആകാശദൃശ്യങ്ങളെടുത്തെന്ന ഭീതിയിൽ ഇന്നലെ ഉച്ചവരെ നഗരം അതീവജാഗ്രതയിലായിരുന്നു. വിക്രംസാരാഭായ് സ്പേസ് സെന്റർ, ആക്കുളത്തെ ദക്ഷിണ വ്യോമകമാൻഡ്, പാങ്ങോട് കരസേനാ സ്റ്റേഷൻ, വിമാനത്താവളം, ബ്രഹ്മോസ്, പൊലീസ് ആസ്ഥാനം എന്നിവയെല്ലാം അർദ്ധരാത്രിയിൽ ജാഗ്രതയിലായി. കോവളം മുതൽ തുമ്പ വരെയാണ് 50 മീറ്റർ ഉയരത്തിൽ ഡ്രോൺ പറന്നത്. അതിർത്തിയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സേനാകേന്ദ്രങ്ങളും പൊലീസും പൊടുന്നനെ ജാഗരൂകരായി. നിലവിട്ടു പറന്ന ഡ്രോൺ നിലത്തു
വീണിരിക്കാമെന്ന കണക്കുകൂട്ടലിൽ, അത് കണ്ടെത്താൻ ആക്കുളം, തുമ്പ, കഴക്കൂട്ടം മേഖലകൾ പൊലീസ് അരിച്ചുപെറുക്കുകയാണ്.
രാജ്യത്തിന്റെ ദക്ഷിണഅതിർത്തി മേഖലയിലുള്ള തിരുവനന്തപുരം തന്ത്രപ്രധാന കേന്ദ്രമാണ്. പുറമേ ശാന്തമാണെങ്കിലും, സേനകളും പൊലീസുമെല്ലാം കടുത്ത ജാഗ്രതയിലാണ്. രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി അടക്കം പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളുണ്ട് തിരുവനന്തപുരത്ത്. അതിനാലാണ് ജാഗ്രത. തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള മാലിദ്വീപിലേക്ക് മുക്കാൽ മണിക്കൂർ പറന്നാൽ മതി. തലസ്ഥാനത്തിന്റെ വ്യോമനിരീക്ഷണത്തിന് ദക്ഷിണവ്യോമകമാൻഡിൽ എയ്റോസാറ്റ് റഡാർ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ ശക്തിയേറിയ റഡാറുണ്ട്. മൂക്കുന്നിമലയിൽ വ്യോമസേനയുടെ റഡാർ സംവിധാനമുണ്ട്. ഇതിനെല്ലാം പുറമെ കൊച്ചിയിൽ നാവികസേനയുടെ റഡാർ കേന്ദ്രവും തലസ്ഥാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. വ്യോമാക്രമണ ഭീഷണി തടയാനുള്ള സംവിധാനം ദക്ഷിണവ്യോമകമാൻഡിൽ സുസജ്ജമാണ്. ആകാശ നിരീക്ഷണത്തിന് ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകളുമുണ്ട്.
50 മീറ്റർ ഉയരത്തിൽ മാത്രം പറന്നതിനാൽ തലസ്ഥാനത്തെ ഒറ്റ റഡാറിലും ഡ്രോൺ പതിഞ്ഞിട്ടില്ല. ഡ്രോണിന്റെ സഞ്ചാരപാത കണ്ടെത്താൻ ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹചിത്രങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. വി.എസ്.എസ്.സിയുടെയും വിമാനത്താവളത്തിന്റെയും ഉള്ളിൽ ഡ്രോൺ കടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വി.എസ്.എസ്.സിയുടെ ഗേറ്റിനു പുറത്ത് ഏറെ അകലെയായി ഡ്രോൺ കണ്ടതായാണ് ഗാർഡിന്റെ മൊഴി. വി.എസ്.എസ്.സിയുടെ പരിധിക്കുള്ളിൽ ഡ്രോൺ പ്രവേശിച്ചിരുന്നെങ്കിൽ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫിന് വെടിവച്ചിടാമായിരുന്നു. ചെറുവസ്തുക്കൾ പോലും വെടിവച്ചിടാവുന്ന ലൈറ്റ് മെഷീൻ ഗൺ സി.ഐ.എസ്.എഫിന്റെ പക്കലുണ്ട്.
പൊലീസിന്റെ മുന്നറിയിപ്പിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിനും സുരക്ഷ ശക്തമാക്കി. കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളെയും ദ്രുതകർമ്മ സേനാംഗങ്ങളെയും നിയോഗിച്ചു. വിമാനത്താവളത്തിന്റെ 13 കിലോമീറ്റർ പെരിഫറൽ ഏരിയയിൽ സായുധസുരക്ഷ ഏർപ്പെടുത്തി. പരിശോധനകളും കർശനമാക്കി. നെടുമ്പാശേരി വിമാനത്താവളത്തിന് നേരത്തേ ഐസിസിന്റെ ചാവേർബോംബ് ഭീഷണിയുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിലവിലെ റഡാർ സംവിധാനത്തിനു പുറമേ ഉപഗ്രഹാധിഷ്ഠിത ഓട്ടോമാറ്റിക് ഡിപ്പന്റൻഡ് സർവൈലൻസ് ബ്രോഡ്കാസ്റ്റ് (എ.ഡി.എസ്-ബി) സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ആകാശത്തിനു മുകളിലെ എല്ലാ വിമാനങ്ങളുടെയും വേഗത, സ്ഥാനം അടക്കമുള്ള വിവരങ്ങൾ തിരുവനന്തപുരത്ത് ലഭ്യമാണ്. നാവികസേനയും തീരസംരക്ഷണസേനയും സംയുക്ത പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. മുംബയ് ഭീകരാക്രമണത്തിന് തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് കടൽമാർഗമാണ് എത്തിയതെന്നതിനാൽ കേരളമടക്കമുള്ള കടലോരസംസ്ഥാനങ്ങളിൽ അതീവജാഗ്രത പുലർത്താൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. മിന്നലാക്രമണത്തിനു ശേഷം രണ്ട് പാക് ബോട്ടുകൾ എത്തിയപ്പോഴും കേരളതീരത്ത് ജാഗ്രത പ്രഖ്യാപിച്ചിരുന്നു.
തലസ്ഥാനത്തിന്റെ ആകാശം നിരീക്ഷണവലയത്തിൽ
സൈന്യവുമായി ചേർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രോൺ കണ്ടെടുക്കാൻ ശ്രമിക്കുന്നു. അതീവജാഗ്രത ഏതാനുംദിവസം കൂടി തുടരും. തലസ്ഥാനവാസികൾ ആശങ്കപ്പെടേണ്ടതില്ല. എല്ലാവിധ മുൻകരുതലുകളുമെടുത്തിട്ടുണ്ട്.
-മനോജ് എബ്രഹാം (അഡി. ഡി.ജി.പി)