തിരുവനന്തപുരം: ഏകദേശം നാല്പത് വർഷം മുൻപ് കുന്നുകുഴിക്കാരൻ ജോസഫ് വി. ഫെർണാണ്ടസ് എന്ന ജോയിയുടെ കടയിലേക്ക് ഒരു സായിപ്പ് കേറിവന്നു. ഒരു അമേരിക്കക്കാരൻ പീറ്റർ. സംഗീതോപകരണങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ എത്തിയതാണ്. ആരോ മലയാളത്തിൽ എഴുതിക്കൊടുത്ത ഒരു ലിസ്റ്രുമായാണ് മൂപ്പരുടെ വരവ്. ആ ലിസ്റ്റിലുള്ള സംഗീതോപകരണങ്ങൾ വേണമെന്നാണ് ആവശ്യം. പലതിന്റെയും പേര് ജോയ് കേൾക്കുന്നത് തന്നെ ആദ്യമാണ്.
സായിപ്പിന്റെ ലിസ്റ്റിലുള്ളതിൽ ഒരു ഉപകരണം മാത്രമാണ് ജോയിയുടെ കൈയിലുള്ളത്. എല്ലാ ഉപകരണങ്ങളും വേണമെന്ന് പീറ്ററിന് വാശി. അങ്ങനെ പീറ്ററിനെ സഹായിക്കാനാണ് ആദ്യമായി സംഗീതോപകരണങ്ങൾ തേടി ജോയി യാത്ര തുടങ്ങിയത്. മാസങ്ങൾ നീണ്ട കേരളം മുഴുവനുമുള്ള യാത്രയ്ക്കൊടുവിൽ സായിപ്പിന്റെ ലിസ്റ്റിലുള്ള ഉപകരണങ്ങൾ നേടിക്കൊടുക്കാനുമായി. അതോടെ ജോയിക്ക് സംഗീതത്തോടുള്ള പ്രണയം അസ്ഥിക്ക് പിടിച്ചു. ഇന്ന് ലോകത്ത് ഏറ്റവും വലിയ സംഗീതശേഖരമുള്ളയാൾ എന്ന ഗിന്നസ് റെക്കാഡ് ഈ കുന്നുകുഴിക്കാരന്റെ സ്വന്തമാണ്. ഈ ഉപകരണങ്ങളെല്ലാം വായിക്കാനും ഇദ്ദേഹത്തിനറിയാം.
ജോയിയുടെ ശേഖരത്തിലുള്ള ഉപകരണങ്ങളിൽ ഭൂരിഭാഗവും ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്തതാണ്. പലരിൽ നിന്നും കേട്ടതും അറിഞ്ഞതുമായ വിവരങ്ങൾക്കൊപ്പം സ്വന്തം അറിവും കൂട്ടിച്ചേർത്ത് ജോയി സ്വന്തമായി നിർമ്മിച്ചതാണ് ഇവയെന്നുകൂടിയറിയുമ്പോൾ വ്യക്തമാകും സംഗീതം ഇദ്ദേഹത്തിന് കുട്ടിക്കളിയല്ലെന്ന്.
48 വർഷം മുൻപാണ് വീടിനോട് ചേർന്ന് ജോയ് സംഗീത ഉപകരണങ്ങൾക്ക് വേണ്ടി ഒരു കട തുടങ്ങുന്നത്. ഇന്നത് സ്വദേശികളും വിദേശികളുമടങ്ങുന്ന സംഗീതകുതുകികൾക്കുള്ള ഗവേഷണകേന്ദ്രം കൂടിയാണ്. ഇവിടെ ചെന്നാൽ കാണാം അടുക്കിയും അടുക്കാതെയും കിടക്കുന്ന, നമുക്ക് ഒട്ടും പരിചിതമല്ലാത്ത നിരവധി സംഗീതോപകരണങ്ങൾ. ദാവീദിന്റെ കിന്നരം മുതൽ വിവിധ ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യവാദ്യങ്ങൾ, വിദേശത്തുള്ള പ്രാചീനസംഗീതോപകരണങ്ങൾ വരെ നിരവധി വാദ്യങ്ങൾ. കാണിക്കാർ ആദിവാസി വിഭാഗക്കാർ ഉപയോഗിച്ചിരുന്ന പൊള്ളയായ മരം കൂട്ടിക്കെട്ടി തോലുവരിഞ്ഞ കരുമരം, മൺകലത്തിൽ പാളകെട്ടി നടുവിൽ തുളയിട്ട് ഓലക്കാൽ കെട്ടി അതിലൂടെ ശബ്ദം പുറപ്പെടുവിക്കുന്ന എലമൂളി, ആദ്യത്തെ രാമകഥാ പാട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചന്ദ്രവളയം, അട്ടപ്പാടിയിലെ ആദിവാസിവിഭാഗക്കാരുടെ ദവിൽ, മുതുവാൻ സമൂഹത്തിന്റെ തിടമ്പ്, കൊയ്തുപാട്ടിന് ഉപയോഗിച്ചിരുന്ന കിങ്ങിണി അരിവാൾ, കാശ്മീരിന്റെ മാത്രം നാഗ്ഫണി, സ്പെയിനിലെ സാലാപാർത്ത...ലിസ്റ്റ് നീളുകയാണ്. ഇതിൽ ഭൂരിപക്ഷം ഉപകരണങ്ങളെക്കുറിച്ചും ചരിത്രത്തിൽ പോലും രേഖകൾ ഇല്ലെന്നോർക്കണം. കേരളത്തിന്റെ മാത്രമായി 400ലധികം വാദ്യോപകരണങ്ങൾ തന്റെ പക്കലുണ്ടെന്നാണ് ജോയിയുടെ വാദം. ഒരു ഉപകരണം കണ്ടെത്തുമ്പോൾ അവയുടെ ചരിത്രവും ഉത്ഭവവും ഉപയോഗരീതിയുമെല്ലാം പഠിക്കുക ഇദ്ദേഹത്തിന്റെ ഹോബിയാണ്. വാദ്യകലാ വിജ്ഞാനീയം എന്ന ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട് ഇദ്ദേഹം.
കലയുടെ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട് ജോയിക്ക് . പൂർവികരെല്ലാം കൊട്ടാരത്തിലെ കലാരംഗത്ത് ശോഭിച്ചവരായിരുന്നു. പിതാവ് വലേറിയൻ ഫെർണാണ്ടസ് തിരുവനന്തപുരത്തെ ആദ്യ ഗിറ്റാറിസ്റ്റും. ജോയിയുടെ മകനും സംഗീതത്തിന്റെ വഴിയെതന്നെയാണ്.
ചിത്രവഴിയിലൊരു നല്ലപാഠം
നല്ലൊരു ചിത്രകാരൻ കൂടിയാണ് ഇദ്ദേഹം. നാളുകൾക്ക് മുൻപ് കുന്നുകുഴി ഭാഗത്ത് മാലിന്യപ്രശ്നം രൂക്ഷമായപ്പോൾ വ്യത്യസ്തമായ മാർഗത്തിലൂടെ പരിഹാരം കണ്ടു ഇദ്ദേഹം. വഴിയരികുകളിലെല്ലാം ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. ചെടികൾ വച്ച് പിടിപ്പിച്ചു. മതിലുകളും പോസ്റ്റുകളുമെല്ലാം ബഹുവർണമാർന്ന ചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണിന്ന്. ഇതെല്ലാം ചെയ്തത് ജോയി എന്ന ഒറ്റയാൾ പട്ടാളമാണെന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാകൂ. വൃത്തിയായി കിടക്കുന്ന സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയാൻ എല്ലാവരുമൊന്ന് മടിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പോളിസി. അത് ശരിയാണെന്ന് തെളിയുകയും ചെയ്തു. ഇനിയും ചെടികൾ വച്ച് പിടിപ്പിച്ചും, ചിത്രം വരച്ചും നാട് സംരക്ഷിക്കണമെന്ന് തന്നെയാണ് ജോയിയുടെ ആഗ്രഹം.