തിരുവനന്തപുരം: ആറ് മാസത്തിലേറെയായി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പേട്ട പള്ളിമുക്ക് തോപ്പിൽ ലെയ്നിലെ വീട്ടുകാർ. റോഡിലൂടെ രാവും പകലും പൊട്ടിയൊലിക്കുന്ന മാൻഹോളാണ് വീട്ടുകാരെ പുറത്തിറങ്ങാൻ അനുവദിക്കാത്തത്. കഴിഞ്ഞ മഴക്കാലത്താണ് ആദ്യമായി തോപ്പിൽ ലെയ്നിലെ ഇടറോഡിലുള്ള മാൻഹോൾ നിറഞ്ഞ് ഭക്ഷ്യാവശിഷ്ടമടക്കമുള്ള മാലിന്യം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. മഴയായതിനാലെന്നാണ് അന്ന് അധികൃതർ നൽകിയ വിശദീകരണം. മഴക്കാലം കഴിഞ്ഞിട്ടും പൊട്ടിയൊലിക്കുന്നത് മാൻഹോൾ നിറുത്തിയില്ല. പ്രദേശത്ത് രാവും പകലും ദുർഗന്ധമാണെന്ന് നാട്ടുകാർ പറയുന്നു. പോരാത്തതിന് പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം.
മുട്ടത്തറ സ്വിവറേജ് പ്ലാന്റിലേക്ക് പള്ളിമുക്ക് വഴി കടന്ന് പോകുന്ന സ്വിവറേജിന്റെ പ്രധാന പൈപ്പ് ലൈനിലുണ്ടായ വിള്ളലാണ് തോപ്പിൽ ലെയ്നിലെ വീട്ടുകാർക്ക് തലവേദനയുണ്ടാക്കുന്നതെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ നൽകുന്ന വിശദീകരണം. മലിനജലം സുഗമമായി കടന്ന് പോകാതെ തടഞ്ഞു നിൽക്കുന്നതിനെത്തുടർന്നുള്ള മർദ്ദത്താൽ സമീപത്തെ മാൻഹോളിലൂടെ ഇത് പുറത്തെത്തുന്നതാണ്. പല പ്രാവശ്യം പൈപ്പിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകരാറ് പരിഹരിക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നു. അതിൽ തന്നെ കഴിഞ്ഞ ദിവസം മുതൽ പള്ളിമുക്ക് റോഡ് ബ്ലോക്ക് ചെയ്ത് അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുകയാണ്. ഉടനേ പ്രശ്നം പരിഹരിക്കാൻ കഴിയുമത്രേ.
രണ്ട് വർഷം മുമ്പാണ് പേട്ട തോപ്പിൽ ലെയിനിൽ ഡ്രെയിനേജ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. എന്നാൽ, കുറച്ചുവീടുകളിൽ മാത്രം കണക്ഷൻ നൽകിയശേഷം പണി നിറുത്തിവച്ചു. പേട്ട തോപ്പിൽ ലെയിനിൽ ഡ്രെയിനേജ് പൈപ്പ് ലൈൻ എല്ലാ വീടുകളിലും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പേട്ട - പള്ളിമുക്ക് റോഡിലെ ഡ്രെയിനേജ് അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാകും. അതോടെ തോപ്പിൻ ലെയ്നുകാരുടെ പ്രശ്നത്തിന് പരിഹാരമാകും.തോമസ് ഐസക്, (വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയർ)