തിരുവനന്തപുരം: ലോക ജലദിനമായ ഇന്നലെ പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിലെ കുട്ടികൾ പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും വേനൽക്കാലം അതിജീവിക്കാനായി ദാഹജലമൊരുക്കി മാതൃകയായി. വേനൽ കടുത്തതോടെ പ്രകൃതി വരണ്ടുണങ്ങി വെള്ളം ലഭിക്കാതെ പക്ഷികൾ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടികൾ പക്ഷികൾക്ക് ജീവജലം നൽകാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വിവിധ ഇടങ്ങളിലായി സജ്ജീകരിച്ച ചെറിയ മൺപാത്രങ്ങളിലാണ് പക്ഷികൾക്ക് ജലമൊരുക്കുന്നത്.
കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹവും ജീവജാലങ്ങളോടുള്ള കരുണയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സ്കൂളിൽ ആരംഭിച്ചതെന്ന് സംരംഭത്തിന് നേതൃത്വം നൽകിയ സ്കൂൾ പ്രിൻസിപ്പൽ ഡൽസി ജോസഫ് പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ജാസ്മിൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് നജീബ്, ഡെവലപ്മെന്റ് ഓഫീസർ ഡോൾസ്റ്റൺ എന്നിവർ പരിപാടിയുടെ ഭാഗമായി.