കുമാർനന്ദ രചനയും സംവിധാനവും നിർവഹിക്കുന്ന അന്നക്കുട്ടിയുടെ വെള്ളിക്കൊലുസിലൂടെ ശാന്തികൃഷ്ണ വീണ്ടും നായികയാവുന്നു.ഇതിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
വിദേശത്താണ് അന്നക്കുട്ടിയുടെ മക്കൾ. അവർ അമ്മയുടെ മരണം കാത്ത് കഴിയുന്നു. കുഴിവെട്ടുകാരനായ തൊമ്മിച്ചനും അന്നക്കുട്ടിയുടെ മരണം ആഗ്രഹിക്കുന്നു. എല്ലാവരും അന്നക്കുട്ടിയുടെ മരണത്തിനുവേണ്ടി കാത്തിരിക്കുന്നു. അപ്പോൾ ഒരു മരണം സംഭവിച്ചു.ഇതാണ് അന്നക്കുട്ടിയുടെ വെള്ളിക്കൊലുസിന്റെ കഥാപശ്ചാത്തലം.
ആനന്ദ്, സുനിൽ സുഖദ, മുരളി, ശശി കലിംഗ, പ്രജൂഷ,ഗൗരി, റോഷ്നി മധു എന്നിവരാണ് മറ്റു താരങ്ങൾ. കാമറ രാജീവ് വിജയ്. വർഷങ്ങളുടെ ഇടവേളക്കുശേഷം അഭിനയരംഗത്തു മടങ്ങിയെത്തിയ ശാന്തികൃഷ്ണയ്ക്ക് ഇപ്പോൾ നിരവധി അവസരങ്ങളാണ്.'' തിരിച്ചു വരവ് നന്നായി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ തിരിച്ചു വന്നു. കുട്ടനാടൻ മാർപാപ്പ,അരവിന്ദന്റെ അതിഥികൾ, മാംഗല്യം തന്തുനാനേനാ, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗർണമിയും,മിഖായേൽ, ലോനപ്പന്റെ മാമോദീസ എന്നീ സിനിമകൾ പോയവർഷവും ഈ വർഷവുമായി അഭിനയിച്ചു. അതിരൻ വിഷുവിന് റിലീസ് ചെയ്യും. ഉൾട്ടയുടെ റിലീസും ഉടൻ ഉണ്ടാവും.ഹാപ്പി സർദാറും ശുഭരാത്രിയും ഷൂട്ടിംഗ് ഘട്ടത്തിലാണ്"" - ശാന്തി കൃഷ്ണ സിറ്റി കൗമുദിയോട് പറഞ്ഞു.