vellappally

ആലപ്പുഴ: ആസന്നമായിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ മകൻ ജയിച്ചു കയറാൻ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി തന്റെ നയം വ്യക്തമാക്കിയത്.

'ഞാനൊരു രാഷ്‌ട്രീയക്കാരനായി വളർന്നു വരണമെന്ന് ആഗ്രഹിച്ചു വന്നവനല്ല. ഒരുപാട് നഷ്‌ടപ്പെടാനുള്ളവനാണ്. എനിക്കൊരു മകനേയുള്ളൂ. വേറൊരു മകൻ അതിനു പകരം വയ്‌ക്കാനില്ല. വീടും കുടുംബവും നോക്കി കണ്ട് പോയാൽ നന്നായിരുന്നു എന്ന ആഗ്രഹമുണ്ട്. കാരണം എനിക്കൊരുപാട് പരാജയം പറ്റിയിട്ടുണ്ട്. കാരണം ഞാൻ ഈ സമുദായ സേവനത്തിന് വന്നത്. 22 കൊല്ലമായി എനിക്കു പറ്റിയ അപകടം എന്നു പറയുന്നത്, നല്ലൊരു കച്ചവടക്കാരനും റെയിൽവേ കോൺട്രാക്‌ടറുമായി നടന്ന ഞാൻ ട്രാക്ക് തെറ്റി ഈ ട്രാക്കിലായിപ്പോയി. അതിനൊരുപാട് പരിക്കുകളും പരിഭവങ്ങളും പലരുടെയും വിദ്വേഷവുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. നഷ്‌ടത്തിന്റെ കണക്കു മാത്രമെ എന്റെ സ്വകാര്യ ജീവിതത്തിലുള്ളു.

അതുകൊണ്ട് ഇനിയൊരു നഷ്‌ടം സ്വകാര്യ ജീവിതത്തിലില്ലാതെ കുടുംബം നോക്കി പോകുന്നതാണ് പ്രായമായി വരുമ്പോൾ എനിക്കു തോന്നിയാൽ, ഒരച്ഛൻ എന്ന നിലയിൽ ചിന്തിച്ചാൽ മനസിലാകും. പകരം വയ്‌ക്കാൻ ഒരാളുണ്ടെങ്കിൽ തരക്കേടില്ല. ആരുടെയും പുറകെ പോകാതെ ജീവിക്കാനുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും ഇവിടെയുണ്ടുതാനും. ആരു നോക്കും. എനിക്കൊരു മകനും മകളുമെയുള്ളൂ. നോക്കാനുള്ള ആളുവേണ്ടെ'- വെള്ളാപ്പള്ളി ചോദിക്കുന്നു.

അതേസമയം, പത്തനംതിട്ടയിൽ ആര് സ്ഥാനാർത്ഥിയാകുമെന്നുള്ള സസ്‌പെൻസ് നിലനിറുത്തി ബി.ജെ.പി ഇന്നലെ തങ്ങളുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.

നേരത്തെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടായിരുന്നു കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബി.ജെ.പി. നൽകിയിരുന്ന വിശദീകരണം. എന്നാൽ പത്തനംതിട്ട സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തർക്കം മുറുകിയതും തൃശ്ശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന.