ന്യൂഡൽഹി: പാകിസ്ഥാന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്‌കരിച്ചു. ജമ്മുകാശ്‌മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. അതേസമയം, പാകിസ്ഥാൻ ദേശീയ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ചതായി പാക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു.
"പാകിസ്ഥാനിലെ ജനങ്ങളെ ആശംസകൾ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെ"ന്ന് മോദി അറിയിച്ചതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു. ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാക്കേണ്ടതെന്നും മോദി അറിയിച്ചു. പാക് ജനതയ്‌ക്കുള്ള നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാൻ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങാൻ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കാശ്‌മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച വേണം. ജനങ്ങൾക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
പാകിസ്ഥാൻ ദേശീയ ദിനത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക് ഹൈക്കമ്മീഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം.