ന്യൂഡൽഹി / തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്തിറക്കിയപ്പോഴും പത്തനംതിട്ടയെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുകയാണ് . ബി.ജെ.പി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. അതിനാൽ തന്നെ ഇവിടെ പാർട്ടി കേന്ദ്രനേതൃത്വം കൂടുതൽ ശ്രദ്ധകൂടുതൽ നൽകുകയും ചെയ്യുന്നുണ്ട്. ദേശീയതലത്തിൽ യു.പിയിൽ നിന്നടക്കം കഴിഞ്ഞ തവണ കിട്ടിയതുപോലെ സീറ്റുകൾ പാർട്ടി പ്രതീക്ഷിക്കുന്നില്ല, അതിനാൽ ബംഗാൾ, കേരളം, തമിഴ്നാട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന ഓരോ സീറ്റിനും വലിയ വിലകൽപ്പിച്ചാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ശബരിമല സമരത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട കൈപ്പിടിയിലൊതാക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഒരുങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പിന് കേവലം ദിവസങ്ങൾ മാത്രം അവശേഷിക്കേ എതിർ സ്ഥാനാർത്ഥികൾ പ്രചരണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വരെ പൂർത്തിയാക്കുമ്പോഴും സ്ഥാനാർത്ഥിയാരെന്ന തിരിച്ചറിയാതെ കുഴങ്ങിയിരിക്കകുകയാണ് അണികൾ. പത്തനംതിട്ടയിലെ ഈ അമാന്തം സംസ്ഥാനത്തെ മൊത്തം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്. അതേസമയം പത്തനംതിട്ടയ്ക്ക് വേണ്ടി തുടക്കംമുതലേ മുതിർന്ന നേതാക്കൾ പിടിവലി നടത്തിയതിന്റെ സൂചനകളും പുറത്ത് വരുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്ത് കുമ്മനം എത്തിയതോടെയാണ് സീറ്റ് മോഹികളുടെ ശ്രദ്ധ പത്തനംതിട്ടയിലേക്ക് തിരിഞ്ഞത്. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ പേര് ഒന്നാമതും എം.ടി. രമേശിന്റെ പേര് രണ്ടാമതും കെ. സുരേന്ദ്രന്റെ പേര് മൂന്നാമതുമായി ഉൾപ്പെടുത്തിയുള്ള സാദ്ധ്യതാപട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാനം കൈമാറിയത്. ഇതിൽ നിന്നും സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കേണ്ട എന്ന പദ്ധതിയായിരുന്നു സംസ്ഥാന നേതൃത്വം കൈക്കൊണ്ടിരുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
എന്നാൽ ശബരിമല സമരനായകനായ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന നിലപാടാണ് ആർ.എസ്.എസ് കൈക്കൊണ്ടത്. ആർ.എസ്.എസ് സമ്മർദ്ദത്തിന് പുറമേ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് പ്രവർത്തകരിൽ നിന്ന് സുരേന്ദ്രന് അനുകൂലമായി ഒട്ടേറെ സന്ദേശങ്ങളും പോയി. ഇതേ തുടർന്ന് കേന്ദ്രം ശക്തമായി ഇടപെടുകയും സുരേന്ദ്രനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട് അടുത്തവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.