തിരുവനന്തപുരം: ബി.ജെ.പിയുമായി ഇനി ബന്ധമില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് വ്യക്തമാക്കി. ഐ.പി.എൽ ഒത്തുകളി വിവാദത്തെതുടർന്ന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ശ്രീശാന്ത് ശശി തരൂർ എം.പിയെ സന്ദർശിച്ചിരുന്നു.
ശ്രീശാന്തിന് ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ടപ്പോൾ തരൂർ എം.പി ഇടപെട്ടിരുന്നു. തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് ശ്രീശാന്ത് എത്തിയത്. "വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്". കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ, ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
തനിക്ക് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയപ്പോൾ തന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും വിഷയം പാർലമെന്റിൽ ഉന്നയിച്ചത് ശശിതരൂരാണ്. ക്രിക്കറ്റിൽ നിന്നുള്ള വിലക്ക് നീക്കാനും അദ്ദേഹം ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു-ശ്രീശാന്ത് പറഞ്ഞു. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു.