ന്യൂഡൽഹി : മുപ്പത്തിയാറ് മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ സ്ഥാനാർത്ഥികളുടെ പേരടിങ്ങിയ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്ന് പുലർച്ചെ ഒരുമണിയോടെ പുറത്തിറക്കി. രണ്ടാം ഘട്ടം പട്ടിക പുറത്തിറങ്ങുമ്പോഴും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയാരെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതോടെ സംസ്ഥാന രാഷ്ട്രീയ ചർച്ചകളിൽ പത്തനംതിട്ട ഒരു സസ്‌പെൻസായി തുടരുകയാണ്. ആന്ഡ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങളാണ് രണ്ടാം ഘട്ട പട്ടികയിലുളളത്.
നേരത്തെ ഒന്നാം ഘട്ടം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ പത്തനംതിട്ടയൊഴികെ ബാക്കി പാർട്ടി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പത്തനംതിട്ടയിൽ സസ്‌പെൻസ് നിലനിൽക്കുന്നത് നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായി തീർന്നിരുന്നു. കോൺഗ്രസ് പാർട്ടിയിലെ ഒരു മുതിർന്ന നേതാവിനെ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കാനുള്ള നീക്കമാണെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. അതേസമയം പത്തനംതിട്ടയ്ക്ക് വേണ്ടി പാർട്ടിയ്ക്കുള്ളിൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള വടംവലിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് നീട്ടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.