vt-balram

തിരുവനന്തപുരം: അടുത്തിടെ കേരളത്തിൽ നടന്ന നിരവധി സംഭവങ്ങളിൽ സോഷ്യൽ മീഡിയ വഴി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ള ആളാണ് വി.ടി.ബൽറാം എം.എൽ.എ. അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ സ്വന്തം പാർട്ടിക്കാർ തന്നെ തള്ളിപ്പറയുകയും ചിലത് ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കേണ്ടിയും വന്നിരുന്നു. എന്നാൽ ഭാര്യയുടെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവിനൊപ്പമുള്ള ഫോട്ടോ ചൂണ്ടിക്കാട്ടി ബൽറാമിനെതിരെ ഉയരുന്ന ആരോപണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം.

വിദേശത്ത് താമസിക്കുമ്പോൾ ദുരൂഹ സാഹചര്യത്തിൽ ഭാര്യ മരിച്ചെന്ന കേസിലെ പ്രതിയായ കോൺഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ ബൽറാം ശ്രമിച്ചുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്നുമാണ് ആരോപണം. ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

എന്നാൽ ഒരു കേസിലെ പ്രതിക്കൊപ്പം ഫോട്ടോ എടുക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്നും അങ്ങനെ ഫോട്ടോ എടുത്താൽ തന്നെ പ്രതിയെ സഹായിച്ചുവെന്ന് കരുതാൻ കഴിയില്ലെന്നുമാണ് മറുപക്ഷത്തിന്റെ വാദം. എന്നാൽ രാഷ്ട്രീയ എതിരാളികളിൽ ആർക്കെതിരെ ആരോപണങ്ങൾ വന്നാലും ഫേസ്ബുക്കിൽ പ്രതികരിക്കുന്ന ബൽറാം ഇക്കാര്യത്തിൽ പാലിക്കുന്ന മൗനം കുറ്റസമ്മതമാണെന്നാണ് ചിലർ പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലായ സൈബർ സഖാക്കർ ബൽറാമിനെതിരായ ആരോപണം പരമാവധി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.