mamtha-banarjee

കൊൽക്കത്ത: കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് 21 വർഷങ്ങൾക്ക് ശേഷം പാർട്ടിയുടെ ചിഹ്നത്തിൽ നിന്നും കോൺഗ്രസിന്റെ പേര് ഒഴിവാക്കി മമത ബാനർജിയുടെ തൃണമൂൽ പാർട്ടി. പുതിയ ലോഗോ പുറത്തിറക്കിയപ്പോൾ ചിഹ്നത്തിനൊപ്പം തൃണമൂൽ എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

'ജോറാ ഘാസ് ഫൂൽ' എന്ന പേരിൽ അറിയപ്പെടുന്ന മൂന്ന് ഇതളുകളുള്ള രണ്ട് പൂക്കളാണ് തൃണമൂലിന്റെ ചിഹ്നം. ഇതിന് താഴെയായി ഇത്രയും കാലം തൃണമൂൽ കോൺഗ്രസ് എന്ന് എഴുതിയിരുന്നിടത്താണ് ഇപ്പോൾ തൃണമൂൽ എന്ന് മാത്രമാക്കിയത്. ബാനറുകൾ,​ പോസ്റ്റ‌റുകൾ തുടങ്ങി പാർട്ടിയുമായി ബന്ധപ്പെട്ട എല്ലായിടത്ത് നിന്നും കോൺഗ്രസിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ് മമത.

പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക്,​ ട്വിറ്റർ പേജുകൾ,​ മമതാ ബാനർജി,​ അഭിഷേക് ബാനർജി തുടങ്ങി നേതാക്കന്മാരുടെ സമൂഹമാദ്ധ്യമങ്ങളുടെ പേജുകളിൽ നിന്നെല്ലാം പഴയതിന് പകരം പുതിയ ലോഗോ ആക്കുകയും ചെയ്തു. ഇത്രയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ പാർട്ടിയുടെ ഔദ്യോഗിക നാമം തൃണമൂൽ കോൺഗ്രസ് എന്ന് തന്നെയായിരിക്കും.

1998ലാണ് മമത ബാനർജി കോൺഗ്രസുമായി പിരിഞ്ഞതോടെയായിരുന്നു മമതാ ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചത്. ''തൃണമൂൽ കോൺഗ്രസ് ഇപ്പോൾ തൃണമൂൽ ആയിരിക്കുന്നു,​ ഇത് മാറ്റത്തിന്റെ സമയമാണ് ''. എന്നായിരുന്നു പുതിയ ലോഗോ പുറത്തിറക്കിയ ശേഷം നേതാക്കന്മാരുടെ പ്രതികരണം.