പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ, മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷനുമായ പി.ജെ. കുര്യനെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിക്കുന്നതായി അഭ്യൂഹം പടർന്നിരുന്നു.
എന്നാൽ, ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന വാർത്തകൾ ശുദ്ധ അസംബന്ധമെന്ന് പി.ജെ കുര്യൻ പ്രതികരിച്ചു. "സ്ഥാനാർത്ഥിയാവണമെങ്കിൽ എനിക്ക് കോൺഗ്രസിൽ സ്ഥാനാർത്ഥിയാവാമായിരുന്നു. ബി.ജെ.പിയിൽ മത്സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങൾ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണ്. രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്നപ്പോൾ ഇതിലും വലിയ ഓഫർ" വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
"ബി.ജെ.പിയിലെ നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്നു എന്നതിന്റെ അർത്ഥം താൻ അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണെന്നും പി.ജെ കുര്യൻ പറഞ്ഞു. ബി.ജെ.പിയിലെ ആരും തന്നോട് സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിക്കുകയോ, സമീപിക്കുകയോ ചെയ്‌തിട്ടില്ലെന്നും അങ്ങനൊരു ഒാഫർ വന്നാൽ സ്വീകരിക്കില്ലെ"ന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. തുടക്കം തൊട്ടേ സ്ഥാനാർത്ഥിത്ത്വത്തിൽ തർക്കമായിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ പേര് ഒന്നാമതും എം.ടി. രമേശിന്റെ പേര് രണ്ടാമതും കെ. സുരേന്ദ്രന്റെ പേര് മൂന്നാമതുമായി ഉൾപ്പെടുത്തിയുള്ള സാദ്ധ്യതാപട്ടികയായിരുന്നു കേന്ദ്രത്തിന് സംസ്ഥാനം കൈമാറിയത്.