ആലപ്പുഴ : പാലക്കാട് ചെർപ്പുളശ്ശേരിയിൽ സി.പി.എം പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിനിയുടെ പരാതി പാർട്ടിക്ക് തലവേദനയായി തുടരവേ സമാനമായ പരാതി ആലപ്പുഴയിലും. ജനപ്രതിനിധിയായ തന്റെ ഭാര്യയുമായി ഒന്നരവർഷത്തോളമായി ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തിന് അവിഹിതബന്ധമുണ്ടെന്ന് കാട്ടി ഭർത്താവ് പരാതിയുമായി രംഗത്തെത്തി. ഇത് സംബന്ധിച്ച പരാതി ആലപ്പുഴ ജില്ലാ നേതൃത്വത്തിനും, സംസ്ഥാന നേതൃത്വത്തിനും നൽകിയെങ്കിലും പരാതി ഒതുക്കി തീർക്കുവാനാണ് ശ്രമം ഉണ്ടായതെന്നും ആരോപണമുണ്ട്. ഈ മാസം പതിനേഴിനാണ് പാർട്ടിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. വീട്ടിലെത്തിയപ്പോൾ ഭാര്യയും നേതാവും ഇടപഴകുന്ന ചില കാഴ്ചകൾ കണ്ടെന്നും ഒന്നരവർഷമായി ഇവർ തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.
പാർട്ടി വിഷയത്തിൽ ഇടപെട്ട് ന്യായത്തിന്റെ പക്ഷത്ത് നിൽക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വം. സി.പി.എം നേതൃത്വത്തിന് നൽകിയ പരാതിയുടെ പകർപ്പ് ഒരു സ്വകാര്യചാനലിന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.