തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ.കെ.പി.പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളിൽ പ്രതിയാണ് പ്രകാശ് ബാബു. തിങ്കളാഴ്‌ച പത്തനംതിട്ട കോടതിയിൽ ഹാജരാകുന്ന പ്രകാശ് ബാബുവിനെ കേസ് നടപടികളുടെ ഭാഗമായി റിമാൻഡ് ചെയ്യും. തുടർന്ന് ജാമ്യം ലഭിക്കുന്നത് വരെ സ്ഥാനാർത്ഥി ഇല്ലാതെയാകും മണ്ഡലത്തിൽ ബി.ജെ.പി പ്രചാരണം നടത്തുന്നത്.
ശബരിമല പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ പ്രവർത്തിച്ചതിന്റെ പേരിൽ പ്രകാശ് ബാബുവിനെതിരെ നിരവധി കേസുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, തനിക്കെതിരെയുള്ള കേസുകളെല്ലാം വ്യാജമാണെന്നും എന്നാൽ അതിൽ അഭിമാനിക്കുന്നുവെന്നും പ്രകാശ് ബാബു പ്രതികരിച്ചു. തിങ്കളാഴ്‌ച തന്നെ കോടതിയിൽ ഹാജരാകും. കേസിൽ ജാമ്യമെടുക്കുന്നത് വരെ ജയിലിൽ കഴിയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർത്ഥി ജയിലിൽ ആയത് എങ്ങനെയാണെന്ന് വിശദീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കൂടുതൽ വോട്ട് ലഭിക്കാൻ ഇടയാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.
അതിനിടെ കെ. പി. പ്രകാശ് ബാബു കഴിഞ്ഞ ദിവസം മുതൽ പ്രചാരണം ആരംഭിച്ചു. ഇന്നലെ രാവിലെ മാറാട് ബലിദാനികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കാർഗിലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പിതാവ് പി.കെ.പി.വി.പണിക്കരെയും, മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ തറവാട് വീട്ടിൽ കുടുംബാംഗങ്ങളെയും സന്ദർശിച്ചു. ചരിത്രകാരൻ എം.ജി.എസ് നാരായണൻ, എഴുത്തുകാരി പി. വത്സല എന്നിവരെയും സന്ദർശിച്ചു.