എന്റെ ജീവിതം ദൈവത്തിന്റെ തിരക്കഥയാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടു. പത്താം ക്ലാസിൽ പഠിക്കുമ്പോൽ വീട്ടുചെലവിന് അച്ഛനെ സഹായിക്കാൻ ബ്യൂട്ടി പ്രോഡക്ടുകളുടെ മോഡലായി. ആദ്യം കിട്ടിയ പ്രതിഫലം 200 രൂപ! മൂന്നു പെൺമക്കളിൽ ഞാനായിരുന്നു മൂത്തത്. ടിവിയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പുള്ള നാളുകളിൽ പല ജോലിയും ചെയ്തു. മുംബയ് ബാന്ദ്രയിലെ മക്‌ഡോണൾഡ്സിൽ മേശ വൃത്തിയാക്കി, തറ തുടച്ചു. ആ നാളുകളാണ് എന്നിൽ ധീരതയും കരുത്തും ഉറപ്പിച്ചത്.
ഡൽഹിയിലായിരുന്നു ജനനം 1976 മാർച്ച് 23 ന്. അച്ഛൻ അജയ് കുമാർ മൽഹോത്ര പഞ്ചാബിയും, അമ്മ ശിബാനി ബാംഗാളിയും. ഇടത്തരം കുടുംബത്തിന്റെ പ്രാരബ്ധങ്ങളെല്ലാമുണ്ടായിരുന്നു, വീട്ടിൽ. പന്ത്രണ്ടാം ക്ലാസ് വരെ ഡൽഹിയിലെ ഹോളി ചൈൽഡ് ഓക്സിലിയം സ്‌കൂളിൽ. ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സ്‌കൂൾ ഒഫ് ഓപ്പൺ ലേണിംഗിൽ ബി.കോമിനു രജിസ്റ്റർ ചെയ്‌തെങ്കിലും ഒരു പാർട്ടേ പൂർത്തിയാക്കിയുള്ളൂ. (അതിനെച്ചൊല്ലായിരുന്നു വിവാദം. 2011 ൽ രാജ്യസഭയിലേക്കും 2014 ൽ ലോക്സഭയിലേക്കും മത്സരത്തിനുള്ള നാമനിർദ്ദേശപത്രികകളിൽ ഞാൻ എഴുതിയതു സത്യമാണ്.)
പലതുമാകാൻ ആഗ്രഹിച്ച കൂട്ടത്തിൽ പത്രപ്രവർത്തകയാകണമെന്നും തോന്നിയിട്ടുണ്ട്. പക്ഷേ, അഭിമുഖ പരീക്ഷയിൽ തോറ്റു. അതു നന്നായെന്നു പിന്നെ തോന്നി. 1998 ൽ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ പോയത് അച്ഛന്റെ കൈയിൽ നിന്ന് ഒരുലക്ഷം രൂപ കടംവാങ്ങിയാണ്. കിരീടമണിഞ്ഞാലും ഇല്ലെങ്കിലും കാശ് തിരിച്ചുകൊടുക്കുമെന്ന് ഞാൻ വാക്കുകൊടുത്തു. കിരീടം കിട്ടിയില്ലെങ്കിലും, കുറച്ചു വൈകി ആ വാക്കു പാലിച്ചു.
നിർമ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനെ പരിചയപ്പെട്ടത് ജീവിതത്തെ മാറ്റിമറിച്ചു. ഏക്ത നിർമ്മിച്ച ഊ ലാലാ... പരമ്പര ഹിറ്റായ കാലം. അവതാരക നീലം കോത്താരി. ഒരു എപ്പിസോഡിൽ ഏക്ത എന്നെ അവതാരകയാക്കി. ആ പരമ്പരയുടെ പേരു പോലെയായിരുന്നു, ടിവിയിൽ എന്റെ പില്ക്കാലം. ഏകതയുടെ തന്നെ ക്യോം കി സാസ് ഭി കഭി ബഹു ഥി സൂപ്പർ ഹിറ്റായി. ടിവി ബഹു എന്നൊക്കെ അന്ന് ആളുകൾ വിളിക്കുമായിരുന്നു. 2001 ൽ സീടിവി രാമായണത്തിൽ സീതയായി. ഇടയ്ക്കു നാടകങ്ങൾ, നാലഞ്ചു സിനിമകൾ, ടിവി പരിപാടികളുടെ നിർമ്മാണം...
ആർ.എസ്.എസ് പ്രവർത്തകനായിരുന്നു മുത്തച്ഛൻ. അമ്മ ജനസംഘം അംഗവും. എന്റെ രാഷ്ട്രീയം തികച്ചും സ്വാഭാവികം. 2003 ൽ ബി.ജെ.പിയിൽ ചേരുമ്പോൾ 27 വയസ്സ്. ആദ്യ തിരഞ്ഞെടുപ്പു മത്സരവും ആദ്യ തോൽവിയും 2004ൽ ഡൽഹി ചാന്ദ്നിചൗക്ക് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബലിനോട്. പാർട്ടി പദവികൾ ഒന്നൊന്നായി വന്നു. കേന്ദ്ര കമ്മിറ്റി നിർവാഹക സമിതി അംഗം, ദേശീയ സെക്രട്ടറി, മഹിളാ മോർച്ച ദേശീയ അധ്യക്ഷ...
2011ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭാംഗം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനെതിരെ യു.പിയിലെ അമേഠിയിൽ. രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിലൊതുക്കാനായി. തൊട്ടടുത്ത വർഷം പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്. 2014ൽ നരേന്ദ്രമോദി മന്ത്രിസഭയിൽ മാനവ വിഭവശേഷി മന്ത്രിയാകുമ്പോൾ വയസ്സ് 38. ക്യാബിനറ്റിലെ ബേബി മിനിസ്റ്റർ. 2016 ജൂലായിലെ ക്യാബിനറ്റ് അഴിച്ചുപണിയിൽ ടെക്സ്‌റ്റൈൽസ് മന്ത്രിയായി കസേരമാറ്റം. ആഗസ്റ്റിൽ വീണ്ടും രാജ്യസഭാംഗം.
2001ൽ, കളിക്കൂട്ടുകാരനായിരുന്ന സുബിൻ ഇറാനിയുമായുള്ള വിവാഹശേഷമാണ് സ്മൃതി മൽഹോത്ര എന്ന പേര് പരിഷ്‌കരിച്ചത്. മക്കൾ സൊഹർ ഇറാനിയും സോയിഷ് ഇറാനിയും, പിന്നെ സുബിന്റെ ആദ്യവിവാഹത്തിലെ മകൾ ഷാനെലും. ഇഷ്ട സാരിനിറം ഓറഞ്ച്.