ന്യൂഡൽഹി: ഇന്ത്യയിൽ ആക്രമണത്തിനെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടയിൽ പാകിസ്ഥാനിൽ അകപ്പെട്ട വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയയ്‌ക്കാൻ തീരുമാനിച്ചത് ഇന്ത്യൻ പ്രത്യാക്രമണം ഭയന്നെന്ന് റിപ്പോർട്ട്. അഭിനന്ദൻ പിടിയിലായതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്‌പരം മിസൈൽ ആക്രമണത്തിന് തയ്യാറെടുത്തതായും ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അഭിനന്ദന് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏറ്റാൽ പ്രശ്‌നം വഷളാകുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി സെക്രട്ടറി അനിൽ ദശ്‌മന ഐ.എസ്.ഐ മേധാവിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയയ്‌ക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിൽ പറഞ്ഞതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഭിനന്ദനെ ശാരീരികമായി ഉപദ്രവിക്കുന്ന സാഹചര്യം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാനുള്ള അധികാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്ക് നൽകിയിരുന്നു. ഇന്ത്യയുടെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കും ദേശീയ സുരക്ഷാ ഉപദേശ്‌ടാവ് അജിത് ഡോവൽ അറിയിച്ചിരുന്നു. ഇതിനായി രാജസ്ഥാൻ മരുഭൂമിയിൽ പന്ത്രണ്ടോളം മിസൈലുകൾ ഇന്ത്യ ഒരുക്കി നിറുത്തിയിരുന്നു. ഒമ്പത് മിസൈലുകൾ തങ്ങൾക്കെതിരെ ഇന്ത്യ തൊടുക്കാൻ തീരുമാനിച്ചിരുന്നതായി പാകിസ്ഥാനും സമ്മതിക്കുന്നു. ഇന്ത്യൻ ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാൻ 13 മിസൈലുകൾ പാകിസ്ഥാനും തയ്യാറാക്കി വച്ചിരുന്നു. ഇസ്‌ലാമബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യൻ മിസൈൽ ആക്രമണം നേരിടാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.
അതേസമയം, ഇരുരാജ്യങ്ങളും മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത മനസിലാക്കിയ സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് മദ്ധ്യസ്ഥ ശ്രമത്തിന് ചുക്കാൻ പിടിച്ചതെന്നും റിപ്പോർട്ടിൽ തുടരുന്നു. മേഖലയിൽ യുദ്ധമുണ്ടായാൽ അത് തങ്ങളെയും സാരമായി ബാധിക്കുമെന്ന റിപ്പോർട്ടാണ് ഇരുരാജ്യങ്ങളെയും പ്രശ്‌നത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചത്. പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധസമാന സാഹചര്യം നിലവിൽ വന്നിരുന്നു. ഇതിനിടയിലാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിൽ ആകുന്നത്. തുടർന്ന് സൈനിക നീക്കത്തേക്കാൾ അഭിനന്ദന്റെ സുരക്ഷിതത്വമായിരുന്നു ഇന്ത്യയുടെ പ്രഥമ പരിഗണന. വിട്ടയച്ചില്ലെങ്കിൽ സൈനിക നീക്കമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ഫെബ്രുവരി 28ന് അദ്ദേഹത്തെ വിട്ടയയ്‌ക്കാനുള്ള തീരുമാനം ഇമ്രാൻ ഖാൻ അറിയിച്ചത്. ഒരു പക്ഷേ ഈ തീരുമാനം വൈകിയിരുന്നുവെങ്കിൽ ഇന്ത്യ മിസൈലാക്രമണം നടത്തിയേനെ എന്നാണ് റിപ്പോർട്ട്.