ആദ്യം കേൾക്കുമ്പോൾ തമാശയെന്നു തോന്നും. ചിന്തിച്ചാൽ, ബുദ്ധിപരമായ നീക്കമെന്ന് മനസ്സിലാവുകയും ചെയ്യും. കേരളത്തിൽ തിരഞ്ഞെടുപ്പു ചർച്ചകളുടെയാകെ വഴിതിരിച്ചുവിട്ടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നുവെന്ന വാർത്ത ഇന്നലെ ഉച്ചയ്‌ക്കു മുമ്പ് എത്തിയത്. ടിവി ചാനലുകളിലെ ഫ്ളാഷിനു പിന്നാലെ മുതിർന്ന നേതാക്കൾ ഓരോരുത്തരായി സ്‌ക്രീനിലെത്തി. വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം രാഹുലിനു മുന്നിൽ ഉന്നയിച്ച കാര്യം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും സമ്മതിച്ചു. താൻ മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി പ്രഖ്യാപിത സ്ഥാനാർത്ഥി ടി.സിദ്ദിഖും വെളിപ്പെടുത്തി. അതോടെ, റൂട്ട് ക്ളീൻ.
അമേതിയിൽ എതിരാളി സ്‌മൃതി ഇറാനി തന്നെയെന്ന് ഉറപ്പായപ്പോഴേ രാഹുലിന്റെ മനസ്സിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നിലെ ഷുവർ സീറ്റിന്റെ ചിത്രം തെളിഞ്ഞുവന്നതാണ്. അമേതിക്കു പുറമേ രാഹുൽ ഇക്കുറി കർണാടകത്തിൽ നിന്നു കൂടി ജനവിധി തേടുമെന്ന റിപ്പോർട്ടുകൾ നേരത്തേ വന്നുതുടങ്ങിയതുമാണ്. കർണാടക പി.സി.സി രാഹുൽജിയെ മത്സരിക്കാൻ ക്ഷണിക്കുക മാത്രമല്ല, അദ്ദേഹത്തിനായി ഏതു മണ്ഡലവും ഒഴിച്ചിട്ട് പരവതാനി വിരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
അമേതിയിലെ തിരഞ്ഞെടുപ്പു കണക്കുകൾ നോക്കിയാൽ രാഹുലിന്റെ പേടി വെറുതെയല്ലെന്നു പിടികിട്ടും. 1999-ൽ അമ്മ സോണിയാ ഗാന്ധി മൂന്നുലക്ഷം വോട്ടിനു വിജയിച്ച മണ്ഡലത്തിൽ രാഹുൽ മത്സരിക്കാൻ തുടങ്ങിയത് 2004-ലാണ്. ബി.എസ്.പിയിലെ ചന്ദ്രപ്രകാശ് മിശ്രയും ബി.ജെ.പിയിലെ രാംവിലാസ് വേദാന്തിയുമായിരുന്നു അന്ന് എതിരാളികൾ. രാഹുലിന്റെ അന്നത്തെ ഭൂരിപക്ഷം 2,90,853 വോട്ട്.
2009-ൽ രാഹുൽ അമേതിയിലെ ഭൂരിപക്ഷം വർദ്ധിപ്പിച്ച് 3,70,198 ആക്കി. എതിർ സ്ഥാനാർത്ഥികൾ ബി.എസ്.പിയിലെ അശീഷ് ശുക്ളയും ബി.ജെ.പിയിലെ പ്രദീപ് കുമാർ സിംഗും. 2014-ൽ കളിയാകെ മാറി. സ്‌മൃതി ഇറാനി അമേതിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയതോടെ, രാഹുലിന്റെ മഹാഭൂരിപക്ഷത്തിനു തടയായി. അതുവരെ അമേതിയിൽ ബി.എസ്.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്ന ബി.ജെ.പി, സ്‌മൃതിയുടെ കരുത്തിൽ രണ്ടാംസ്ഥാനത്തേക്ക് കയറിയെന്നു മാത്രമല്ല, രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 1,07,903-ലേക്ക് താഴ്‌ത്തുകയും ചെയ്തു.
1977-ലെ ജനതാതരംഗ കാലം കഴിഞ്ഞാൽ, അമേതിയിൽ കോൺഗ്രസിന് അടിപതറിയിട്ടുള്ളത് ഒരിക്കൽ മാത്രം- 1998 ൽ. അന്ന് ബി.ജെ.പിയിലെ ഡോ. സഞ്ജയ് സിംഗിനായിരുന്നു ജയം. പിന്നെ, ചിത്രം മാറിയത് 1999 ൽ സോണിയാഗന്ധിയുടെ വരവോടെ.
ഇപ്പോൾ, കേരളത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ആലോചിക്കുന്നത് അമേതിയിലെ പരാജയഭീതി കൊണ്ടാണെന്ന് ബി.ജെ.പി പ്രചരിപ്പിക്കുമെന്ന് തീർച്ച. അതിൽ തെറ്റു പറയാനും പറ്റില്ല. കാരണം, അമേതിയിൽ നിന്ന് രാഹുലിനെ പറപ്പിച്ച് സ്‌മൃതി ഇറാനിയെ ജയിപ്പിക്കാൻ ബി.ജെ.പി ഇക്കുറി എല്ലാ ആയുധങ്ങളുമെടുക്കും. ആ യുദ്ധത്തിൽ രാഹുൽ വീണുപോയാൽ അദ്ദേഹത്തിന്റെ അഭിമാനപ്രശ്നം മാത്രമല്ല, പാർട്ടിക്കു തന്നെ നിലനില്പില്ലാതാകും. രാഹുൽ എന്ന ഒരൊറ്റ നേതാവിന്റെ ഇമേജിൽ പിടിച്ചുനിൽക്കുന്ന കോൺഗ്രസിന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറയുന്നതു പോലും ചിന്തിക്കാനാവുന്ന സാഹചര്യമല്ല. ആ നിലയ്‌ക്ക് പുതിയ നീക്കം ബുദ്ധിപരം തന്നെ; സുരക്ഷിതവും.
അമേതിയിലെ കുടുംബവാഴ്‌ച
1980: സഞ്ജയ് ഗാന്ധി
1981, 1984, 1989, 1991: രാജീവ് ഗാന്ധി
1999: സോണിയാ ഗാന്ധി
2004, 2009, 2014: രാഹുൽ ഗാന്ധി