narendra-modi-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഏതാണ്ട് ഉറപ്പിച്ചതോടെ പത്തനംതിട്ടയിൽ ബി.ജെ.പി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണെന്ന അഭ്യൂഹവും ശക്തമായി. രാഹുൽ വയനാട്ടിലെത്തുമെങ്കിൽ മോദി പത്തനംതിട്ടയിൽ മത്സരിക്കണമെന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. എന്നാൽ ജയസാധ്യത കുറഞ്ഞ പത്തനംതിട്ട മണ്ഡലത്തിൽ മോദി മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. ഒരുപക്ഷേ തിരുവനന്തപുരം പോലൊരു മണ്ഡലമാണെങ്കിൽ മോദി കേരളത്തിൽ നിന്നും മത്സരിക്കാൻ തയ്യാറാകുമായിരുന്നു എന്നും ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും വഡോദരയിൽ നിന്നും മോദി മത്സരിച്ചിരുന്നു. ഇരുമണ്ഡലങ്ങളിലും വിജയിച്ച മോദി വഡോദരയിൽ രാജിവച്ച് വാരണാസി നിലനിറുത്തുകയായിരുന്നു. എന്നാൽ ഇത്തവണ ഒരു മണ്ഡലത്തിൽ നിന്ന് മാത്രമേ മോദി മത്സരിക്കൂ എന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകുന്ന വിശദീകരണം. ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ തന്നെ മോദിയെ വാരണാസി മണ്ഡലത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മറ്റൊരു മണ്ഡലത്തിൽ കൂടി അദ്ദേഹം മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നാണ് വിവരം. പക്ഷേ ഇത് കേരളത്തിലായിരിക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ പറയുന്നത്. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ.അദ്വാനിയെപ്പോലുള്ള നേതാക്കൾ ഇവിടെ സ്ഥാനാർത്ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലും കേരളത്തിലെ പത്തനംതിട്ട മണ്ഡലം ഉൾപ്പെട്ടില്ല. ഇതോടെ സംസ്ഥാനത്ത് ബി.ജെ.പി അണികളിൽ പാർട്ടി നേതൃത്വത്തിനെതിരെ അതൃപ്തി പടരുന്നു. ആദ്യ ഘട്ടം പ്രഖ്യാപിച്ച 184 സ്ഥാനാർത്ഥികളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 13 സ്ഥാനാർത്ഥികളുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ അർദ്ധരാത്രിയാണ് രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടത്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതിൽ ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതിലും ഉണ്ടായില്ല. പത്തനംതിട്ടയുടെ കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിനും ആശയക്കുഴപ്പമുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, എന്നാൽ, കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ് നേതാവ് വരുമെന്ന പ്രതീക്ഷയിൽ സീറ്ര് ഒഴിച്ചിട്ടിരിക്കുകയാണെന്നും സൂചനയുണ്ട്. പി.ജെ. കുര്യന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.

അതേസമയം, പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയ‌ർമാനും കോൺഗ്രസ് നേതാവുമായി പി.ജെ.കുര്യൻ നിഷേധിച്ചു. ആ‌വർത്തിച്ച് നുണകൾ പ്രചരിപ്പിക്കുന്നത് മര്യാദകേടാണ്. ബി.ജെ.പി നേതൃത്വം തന്നെ ബന്ധപ്പെടുകയാേ താൻ സമ്മതിക്കുകയോ ചെയ്തിട്ടില്ല. ആന്റോ ആന്റണിക്ക് ഇടുക്കി നൽകി തനിക്ക് വേണമെങ്കിൽ പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാമായിരുന്നു. താൻ വേണ്ടെന്ന് പറഞ്ഞതാണ്. ഇപ്പോൾ നടക്കുന്ന പ്രചാരണം തന്നെ അധിക്ഷേപിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ഇന്നുരാവിലെ പറഞ്ഞു.