election-

ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് ഈ പ്രക്രിയയുടെ ഏറ്റവും കാതലായ കർമ്മമാണെങ്കിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ജനാധിപത്യത്തെ ആഘോഷമാക്കുന്നത്. ഈ ഉത്സവവേളയിലാണ് ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടക്കേണ്ടത്. ഭരണപക്ഷം സ്വന്തം നേട്ടങ്ങൾ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ഭരണപരമായ പാളിച്ചകൾ ഉയർത്തിക്കാട്ടും. ഇങ്ങനെ ജനങ്ങൾ സംസാരിക്കുന്ന വേളയാണ് തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ പലപ്പോഴും ജനങ്ങൾ കബളിപ്പിക്കപ്പെടുന്ന ചിത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണം. യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ മന:പൂർവം അവാസ്‌തവമായി നിർമ്മിച്ചെടുക്കുന്ന അവബോധവും ധാരണയുമാണ് പ്രചാരണത്തിൽ സമ്മതിദായകരെ സ്വാധീനിക്കുന്നത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ ഭരണത്തിൽ ഗുജറാത്ത് ഇന്ത്യയിലെ ഏറ്രവും വികസിത സംസ്ഥാനമാണെന്ന ധാരണ സൃഷ്‌ടിച്ചു. അതേമാതൃകയിലുള്ള വികസനം ഇന്ത്യയൊട്ടാകെ കൊണ്ടുവരാൻ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്നതായിരുന്നു ബി.ജെ.പിയുടെ പ്രചാരണത്തിന്റെ കുന്തമുന. വികസന നായകനായ മോദിയ്‌ക്കാണ് ജനങ്ങൾ വോട്ട് ചെയ്‌തത്. എന്നാൽ പല വികസന സൂചികകൾ പ്രകാരവും ഗുജറാത്തിന്റെ സ്ഥാനം അഞ്ചിൽ താഴെയാണ്. മിക്ക മാനദണ്‌ഡങ്ങളിലും കേരളമായിരുന്നു അന്നും ഇന്നും മുന്നിൽ.

പതിനേഴാം ലോക്‌സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള അവബോധ നിർമ്മിതിയുടെ പ്രചാരണയുദ്ധമാണ് നടക്കുന്നത്. ദേശീയതലത്തിൽ നിർമ്മിച്ചെടുക്കുന്ന ധാരണകൾക്കൊപ്പം ഓരോ സംസ്ഥാനത്തും പ്രാദേശികമായ അവബോധവും സൃഷ്‌ടിക്കപ്പെടും.

രാജ്യരക്ഷ പ്രധാനം

ഫെബ്രുവരി 14 ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് അതിർത്തി കടന്നുള്ള വ്യോമാക്രമണവും അഭിനന്ദൻ വർദ്ധമാന്റെ ധീരതയും തിരഞ്ഞെടുപ്പ് രംഗത്തെ ആകമാനം മാറ്റിമറിച്ചുകഴിഞ്ഞു. ഇന്ന് ദേശീയ പ്രചാരണ വേദിയിൽ പ്രത്യേകിച്ചും ഹിന്ദി ഹൃദയ ഭൂമിയിൽ ചർച്ച ചെയ്യുന്നത് ഭീകരതയെ ചെറുക്കാൻ,​ പാകിസ്ഥാനെ നിലയ്‌ക്ക് നിറുത്താൻ മോദിക്കു മാത്രമേ കഴിയൂ എന്ന പരിപ്രേഷ്യമാണ്. നമ്മൾ പാകിസ്ഥാന് നൽകിയ തിരിച്ചടിക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം രാജ്യസുരക്ഷയാണ് പ്രധാനവിഷയം. മരണമടഞ്ഞ സൈനികരുടെ ചിത്രങ്ങളാണ് മിക്ക പൊതുയോഗ വേദികളുടെയും പശ്ചാത്തലം. തീവ്രവാദികളെ വച്ചുപൊറുപ്പിക്കില്ല,​ തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്റെ ശീലമാണ് ,​ ഈ രാജ്യം ഇല്ലാതാകാൻ ഞാൻ സമ്മതിക്കില്ല,​ മോദിയുടെ അടിയേറ്റ് വെളുപ്പാൻകാലത്ത് അഞ്ച് മണിക്ക് തീവ്രവാദികൾ എഴുന്നേറ്ര് ഓടി തുടങ്ങിയ പ്രധാനമന്ത്രിയുടെ പ്രസ്‌താവനകൾ ദേശസ്‌നേഹം കത്തിച്ച് ഒരുതരം രാജ്യാഭിമാനബോധം സൃഷ്‌ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ തീവ്രദേശീയബോധ നിർമ്മിതിയെ പ്രതിരോധിക്കാൻ കഴിയാതെ കുഴയുകയാണ് പ്രതിപക്ഷം. അതിർത്തി കടന്നുള്ള ആക്രമണ സമയത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം രാജ്യസുരക്ഷയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നു എന്ന വാദം ഉന്നയിച്ചപ്പോഴൊക്കെ ദേശീയവിരുദ്ധരാണെന്ന വിമർശനം നേരിടേണ്ടി വന്നു. പ്രതിപക്ഷം പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്നു,​ പ്രതിപക്ഷത്തിന് സൈന്യത്തിൽ വിശ്വാസമില്ല,​ ദേശസ്‌നേഹമില്ല തുടങ്ങിയ പ്രസ്‌താവനകൾ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിലുള്ള എല്ലാ പൗരന്മാരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന കോൺഗ്രസ് ഉപദേശകൻ സാംപിത്രോഡയുടെ പ്രസ്‌താവന വിവാദമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

യഥാർത്ഥത്തിൽ ഇന്ത്യയിലെ ഭീകരാക്രമണത്തിൽ പാകിസ്ഥാനിലെ രാഷ്‌ട്രീയ സൈനിക നേതൃത്വത്തിനാണ് പങ്കുള്ളത്. ബഹുഭൂരിപക്ഷം വരുന്ന സാധാരണ പാക് പൗരന്മാർക്ക് യാതൊരു പങ്കും കാണില്ല. എന്നാൽ ദേശസ്‌നേഹം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്‌താവനകൾ പ്രതിരോധിക്കുക എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി,​ പാക്കിസ്ഥാൻ ദിനമായ മാർച്ച് 23 ന് ഇമ്രാൻ ഖാന് അഭിനന്ദനം അയച്ചതും വിവാദമാവുകയാണ്. ഈ ബഹളത്തിൽ മുങ്ങിപ്പോയത് പ്രധാനമന്ത്രിയെ ഉദ്ദേശിച്ച് ' കാവൽക്കാരൻ കള്ളനാണ് ' എന്ന് കോൺഗ്രസ് ഉയർത്തിയ വിമർശനമാണ്.

കേരളചിത്രം

ദേശീയ രാഷ്‌ട്രീയത്തിലെന്ന പോലെ കേരളത്തിലും ഇത്തരം അവബോധ നിർമ്മിതിയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതിന് ഉപയോഗിക്കുന്നത്. ഇടതുപക്ഷം ശബരിമലയും വിശ്വാസവും തകർക്കുമെന്ന വാദമാണ് ബി.ജെ.പിയും യു.‌ഡി.എഫും മുന്നോട്ടു വയ്‌ക്കുന്നത്. ശബരിമലയുടെയും വിശ്വാസത്തിന്റെയും സംരക്ഷകരാകാൻ ഇവർ മത്സരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനാണ് ഇടതുപക്ഷം കോൺഗ്രസ് - ബി.ജെ.പി രഹസ്യബന്‌ധമുണ്ടെന്ന ധാരണ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത്. മതേതരവാദികളും ന്യൂനപക്ഷ സംരക്ഷകരുമാകാനും ഇടതുപക്ഷം മുന്നിൽത്തന്നെയുണ്ട്. കാസർകോട്ടെ പെരിയ ഇരട്ടക്കൊലപാതകത്തിന്റെയും വടകരയിൽ പി.ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിന്റെയും പശ്ചാത്തലത്തിൽ സി.പി.എം അക്രമരാഷ്‌ട്രീയത്തിന്റെ വക്താക്കളാണെന്ന വാദമാണ് യു.ഡി.എഫ് ഉയർത്തുന്നത്.

യഥാർത്ഥ പ്രശ്നങ്ങൾ

ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രാജ്യസുരക്ഷയും കേരളത്തിൽ ഉന്നയിക്കപ്പെടുന്ന ശബരിമല വിഷയവും ഒരു പ്രത്യേക അവബോധ ചട്ടക്കൂടിൽ സമ്മതിദായകരെ തളച്ചിട്ട് വോട്ട് തേടാനുള്ള ബോധപൂർവമായ ശ്രമമാണ്. ജനാധിപത്യത്തിനും സത്‌ഭരണത്തിനും ഭൂഷണമല്ലിത്. കാരണം ഈ പ്രക്രിയയിൽ തമസ്‌കരിക്കപ്പെടുന്നത് ജനങ്ങളുടെ പരിഹരിക്കപ്പടേണ്ട യഥാർത്ഥ പ്രശ്‌നങ്ങളാണ്. വിലക്കയറ്രം,​ തൊഴിലിലായ്‌മ,​ കർഷകരുടെ പ്രശ്‌നങ്ങൾ,​ നോട്ട് നിരോധനവുമായി ബന്‌ധപ്പെട്ട വിഷയങ്ങൾ ,​ അഴിമതി തുടങ്ങിയവ ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. സർക്കാരിന് അവകാശപ്പെടാവുന്ന പല നേട്ടങ്ങളും ഈ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും.

കേരളത്തെ സംബന്‌ധിച്ചാണെങ്കിൽ നവകേരള നിർമ്മാണം പ്രചാരണരംഗത്ത് ഉന്നയിച്ച് കാണുന്നില്ല. എന്താണ് ഈ പ്രതിഭാസത്തിന്റെ കാരണം?​ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ സമ്മതിദായകരെ സ്വാധീനിക്കാൻ കഴിയുക വൈകാരിക വിഷയങ്ങൾക്കാണ്. വൈകാരിക വിഷയങ്ങൾ പ്രചാരണത്തെ നിയന്ത്രിക്കാൻ തുടങ്ങിയാൽ മറ്റ് വിഷയങ്ങൾ താരതമ്യേന അപ്രസക്തമാകും. ദക്ഷിണേന്ത്യ ഒഴിച്ചാൽ ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് അജൻഡ നിശ്‌ചയിക്കുന്നതിൽ ബി.ജെ.പി മുന്നിലാണ്. ഇത് അവർക്ക് ഗുണം ചെയ്യും. ചുരുക്കത്തിൽ പ്രചാരണത്തിൽ തങ്ങൾക്ക് അനുകൂലമായ അവബോധം വോട്ടർമാർക്കിടയിൽ സൃഷ്‌ടിക്കുകയാണ് രാഷ്‌ട്രീയ പാർട്ടികൾ ചെയ്യുന്നത്. ഇതിൽ വിജയിക്കുന്നവർ തിരഞ്ഞെടുപ്പിലും വിജയിക്കും. ഇവ പലപ്പോഴും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവ ആയിരിക്കില്ല എന്നതാണ് ജനാധിപത്യത്തെ ദുർബലമാക്കുന്നത്.

( ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. )​​