''വിജയ.... പ്ളീസ്... നീ എന്തു ചോദിച്ചാലും ഞാൻ തരാം. കൊല്ലപ്പെട്ടവരുടെ പ്രാണൻ ഒഴിച്ച്..."
വിജയയുടെ കല്ലിച്ച മുഖവും കുരുക്കു തീർത്ത കയറും കണ്ട് വേലായുധൻമാസ്റ്റർ വിലപിച്ചു.
''അതൊക്കെ ഇനി നടക്കാത്ത കാര്യം. നിങ്ങളുടെ മരണസമയം നിശ്ചയിക്കപ്പെട്ടു പോയി."
വിജയ ക്രൂരമായി ചിരിച്ചുകൊണ്ട് അയാളുടെ കഴുത്തിലേക്ക് കയർ കുരുക്കിട്ടു.
മാസ്റ്റർ പൂക്കില പോലെ വിറച്ചു.
''വിജയാ..... ഞാനിനി ആരെയും ദ്റോഹിക്കില്ല.. നീ പറയുന്നതുപോലെ ഞാൻ ജീവിച്ചോളാം. വേണമെങ്കിൽ എല്ലാം ഇവിടെ ഉപേക്ഷിച്ച് ഈ രാജ്യം വിട്ടോളാം... എന്നെ കൊല്ലരുത്...."
അയാൾ തൊഴുതു പോയി.
''ഈ രാജ്യം വിട്ടാൽ സുഖമായി ജീവിക്കാമെന്ന് നിനക്കറിയാം. കള്ളപ്പണക്കാരും ജനങ്ങളെയും ബാങ്കുകളെയും കബളിപ്പിച്ചവരും ഇപ്പോൾ അങ്ങനെയാണല്ലോ ചെയ്യുന്നത്? അതിനൊന്നുമുള്ള അവസരം നിനക്കു ഞാൻ തരില്ല... ആത്മാവ് എന്ന് ഒന്നുണ്ടെങ്കിൽ നീ ഇവിടെത്തന്നെ അലഞ്ഞുതിരിയണം. അതാണ് എന്റെ തീരുമാനം. നിറവേറ്റാൻ പോകുന്നതും അതുതന്നെ. ""
പറഞ്ഞിട്ട് വിജയ സുമത്തിനു നേർക്കു തിരിഞ്ഞ് ഒരു ആംഗ്യം കാട്ടി.
അവൾ തന്റെ കയ്യിലിരുന്ന പ്ളാസ്റ്റിക് കയറിന്റെ ചുരുൾ തൊട്ടടുത്ത വാകമരത്തിന്റെ ശിഖരത്തിലേക്കെറിഞ്ഞു.
പാമ്പ് ചുറ്റഴിഞ്ഞു വീഴുന്നതുപോലെ കനത്ത ശിഖരത്തിനു മുകളിലൂടെ അപ്പുറത്തേക്കു വീണു കയർ...
വിജയ ചെന്ന് ആ അഗ്രത്തിൽ പിടിച്ചു.
''നിങ്ങളും വരിൻ...""
ബാക്കി അഞ്ച് പിങ്ക് പോലീസുകാരികളും അവളെ സഹായിക്കാനെത്തി.
പ്രാണ വെപ്രാളത്തോടെ വേലായുധൻ മാസ്റ്റർ ചാടിയെണീറ്റു.
പക്ഷേ...
ആ ക്ഷണം അവർ ആറുപേരും ചേർന്ന് മരശിഖരത്തിലൂടെ കയർ താഴേക്കു വലിച്ചു.
''ആ...""
മാസ്റ്ററുടെ വായിൽ നിന്ന് ഒരു അർധ വിലാപം പുറത്തുവന്നു.
അപ്പോഴേക്കും അയാളുടെ കാൽ തറയിൽ നിന്നുയർന്നു കഴിഞ്ഞിരുന്നു....
റോക്കറ്റ് വേഗതയിൽ അയാൾ മുകളിലേക്കു പോയി....
കൈകാലുകൾ കൊണ്ട് അയാൾ അന്തരീക്ഷത്തിൽ ചുര മാന്തി.
പിന്നെ സ്വന്തം കാലുകൾ മാന്തിപ്പൊളിച്ചു....
അഞ്ചു സെക്കന്റ്!
ഒന്നു വെട്ടിപ്പിടഞ്ഞു മാസ്റ്റർ. പിന്നെ കഴുത്ത് ഒടിഞ്ഞതുപോലെ ഒരു വശത്തേക്കായി. പിടച്ചിൽ നിന്നു....
താറാവിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നതു പോലെ അയാൾ കയറിൽ തൂങ്ങിക്കിടന്നു.
വിജയ കയറിന്റെ അഗ്രം വാകമരത്തിന്റെ ചുവട്ടിൽ മുറുക്കി കെട്ടി.
ശേഷം മറ്റുള്ളവരെ നോക്കി.
''നേരം പുലരും മുൻപ് നമുക്ക് അവനെയും പിടിക്കണം. രാഹുലിനെ... ""
തിടുക്കത്തിൽ അവർ തിരിഞ്ഞു. ഇന്നോവയിൽ കയറി.
മാസ്റ്റർ വന്ന സ്കോർപിയോയുടെ തെളിഞ്ഞുനിന്നിരുന്ന ലൈറ്റുകൾ മങ്ങിത്തുടങ്ങിയിരുന്നു.
ആ സമയം വിജയയുടെ വീട്ടിൽ. മകൾ എവിടേക്കാണു പോയതെന്ന് അറിയാതെ ഹാളിൽത്തന്നെ ഇരിക്കുകയാണ് മാലിനി.
ആ പയ്യനെ അവൾ എന്തുചെയ്തുകാണും എന്ന ഉത്ക്കണ്ഠയുമുണ്ട്. അച്ഛന്റെയും സഹോദരങ്ങളുടെയും മരണശേഷം അവളാകെ മാറിയെന്ന് മാലിനി ഓർത്തു.
ചിരിയോ സംസാരമോ തീരെ കുറവ്. എപ്പോഴും കടുത്ത ചിന്തയും വല്ലാത്തൊരു തിടുക്കവും.
മാലിനിയുടെ ചിന്തയെ മുറിച്ചുകൊണ്ട് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു. അതിന്റെ വെളിച്ചം ജനാലച്ചില്ലിൽ പ്രതിഫലിച്ചു.
മാലിനി ആശ്വാസത്തോടെ നിശ്വസിച്ചു. വിജയ തിരിച്ചു വന്നല്ലോ.
അവർ എഴുന്നേറ്റുചെന്ന് വാതിൽ തുറന്നു.
അതേ സെക്കന്റിൽ രണ്ടടി പിന്നിലേക്കു നടുങ്ങി മാറി.
മുന്നിൽ മൂന്നുപേർ!
അവരിൽ നടുക്കു നിൽക്കുന്നത് കാളക്കൂറ്റനെപ്പോലെ കറുത്ത ഒരാൾ. അയാൾ മൂക്കു കിഴിച്ച് ഒരു ചെറിയ 'റിംഗ് " ഇട്ടിരുന്നു...
എന്തോ ചവയ്ക്കുന്നതിന്റെ രൂക്ഷഗന്ധം!
'' അമ്മാ.. വിജയ ഇങ്കെ ഇല്ലയാ? ""
അയാൾ തിരക്കി.
മാലിനി ഒന്നു ഭയന്നു.
''ഇല്ല..."
അവരുടെ ചുണ്ടനങ്ങി.
''പിന്നെ എങ്കെ? "
മാലിനി മിണ്ടിയില്ല...
ആ ക്ഷണം അയാൾ കൈനീട്ടി. മാലിനിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.
പിന്നെ ഒരു പക്ഷിക്കുഞ്ഞിനെ എന്നവണ്ണം മുകളിലേക്കുയർത്തി...
[തുടരും]