rahul-gandhi

ഭാവി പ്രധാനമന്ത്രിയായി കോൺഗ്രസ് പാർട്ടി ഉയർത്തിക്കാട്ടുന്ന പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു.പിയിലെ അമേത്തിക്ക് പുറമേ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നിട്ട് മണിക്കൂറുകൾ മാത്രമാണ് ആയത്. ഇതിനകം ഈ വാർത്ത കാട്ടുതീപോലെ രാഷ്ട്രീയ മണ്ഡലങ്ങളിലും, സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്. കോൺഗ്രസ് നേതാവ് സിദ്ദിഖിനെയാണ് വയനാട് മണ്ഡലത്തിലേക്കായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. സിദ്ദിഖ് അവിടെ എത്തി പ്രചരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോഴാണ് രാഹുലിനുവേണ്ടി തിരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. എന്നാൽ രാഹുലിന്റെ വടകരയിലെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലടക്കം പോസ്റ്റുകൾ വരുന്നുണ്ട്.

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കറും രാഹുൽ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കോൺഗ്രസ് നേതാവ് അജയ് തറയിൽ മുൻപ് പറഞ്ഞതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വയനാട്ടിൽ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കുമെന്ന വാക്കുപയോഗിച്ചാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വയനാട്ടിൽ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ല.

ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, വിവി പ്രകാശ് എന്നിങ്ങനെ ഏതാനും ലോക്കൽ നേതാക്കളേ ആ സമയത്ത് കെപിസിസിയുടെയും ഹൈക്കമാൻഡിന്റെയും പരിഗണനയിൽ ഉണ്ടായിരുന്നുള്ളൂ.

സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകൾ തമ്മിൽ വമ്പിച്ച കടിപിടി നടന്നു. ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് പറന്നുവന്നു; രമേശ് ചെന്നിത്തല ദൽഹിയിൽ നിന്ന് പിണങ്ങിപ്പോയി. ഒടുവിൽ ടി സിദ്ദിഖിന്റെ പേര് സർവ സമ്മതമായി അംഗീകരിച്ചു.

സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി. മതിലെഴുത്ത് പകുതിയായി. പോസ്റ്ററിന്റെ അച്ചടി ശിവകാശിയിൽ തകൃതിയായി നടക്കുന്നു.

അപ്പോഴാണ് രാഹുൽജിക്കു വീണ്ടുവിചാരം ഉണ്ടായത്. അമേതിക്കു പുറമെ ദക്ഷിണേന്ത്യയിൽ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണം. വയനാടാണെങ്കിൽ ഉത്തമം.

പാവം സിദ്ദിഖ്. നേതാവിനു വേണ്ടി 'സന്തോഷ സമേതം' പിൻമാറി. രാഹുലിന്റെ മഹാമനസ്‌കതയെ കോൺഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു. കേരളത്തിനുളള അംഗീകാരം!!