rahul-gandhi
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന് കാട്ടി കേരള കൗമുദി കഴിഞ്ഞ ഒക്‌ടോബർ 15ന് പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. അനൗദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവുകയും ടി.സിദ്ധീഖ് പ്രചാരണം ആരംഭിക്കുകയും ചെയ്‌ത ശേഷമാണ് അപ്രതീക്ഷിതമായി രാഹുലിന്റെ രംഗപ്രവേശനം. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ഒക്‌ടോബറിലും ജനുവരിയിലും കേരള കൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. അമേത്തിക്ക് പുറമെ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയിൽ രാഹുൽ വയനാട്ടിലും മത്സരിക്കുമെന്നായിരുന്നു വാർത്ത. ഈ വാർത്ത ശരി വയ്‌ക്കുന്ന രീതിയിലാണ് ഇപ്പോൾ രാഹുലിന്റെ രംഗപ്രവേശനം.

രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കും, കേരള കൗമുദി കഴിഞ്ഞ ഒക്‌ടോബർ 15ന് പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം...

പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യത്തെ മാനിച്ച് രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്. രാഹുൽ തങ്ങളുടെ സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന് കേരള, തമിഴ്നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം കേരളം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അമേത്തി കഴിഞ്ഞാൽ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് അദ്ദേഹം വയനാട് തിരഞ്ഞെടുത്തത്. രാഹുൽ ഗാന്ധി വന്നാൽ കേരളത്തിലെ 20 സീറ്റിലും ജയിക്കാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഇത് കൂടാതെ ദക്ഷിണേന്ത്യയിൽ മികച്ച വിജയം നേടാൻ രാഹുലിന്റെ വരവ് സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.

rahul-gandhi