മെസി തിരിച്ചു വന്ന മത്സരത്തിൽ അർജന്റീന 1-3ന് വെനിസ്വേലയോട് തോറ്രു
മാഡ്രിഡ്: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീനൻ ജേഴ്സിയിൽ മെസിയുടെ തിരിച്ചു വരവ് ദുരന്തമായി. ഇന്നലെ മാഡ്രിഡിൽ നടന്ന സൗഹൃദ മത്‌സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെനിസ്വേല അർജന്റീനയെ അട്ടിമറിച്ചു. ലോകകപ്പിന് ശേഷം മെസി അർജന്റീനയ്ക്കായി കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. അതേസമയം അടിവയറ്റിലെ പരിക്ക് വഷളായതിനാൽ മെസി ചൊവ്വാഴ്ച മൊറാക്കോയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ കളിക്കില്ല.
അഗ്യൂറോ, ഹിഗ്വയിൻ, ഇകാർഡി, റൊമീറോ എന്നീ വൻ തോക്കുകൾ ഒന്നും ഇല്ലാതെയാണ് മെസിയുടെ നേതൃത്വത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളീറ്റാനോയിൽ അർജന്റീനയിറങ്ങിയത്.ഡിബാല ടീമുലുണ്ടായിരുന്നെങ്കിലും കോച്ച് ലയണൽ സ്കാലോണി കളത്തിലിറക്കിയില്ല. പരിക്കേറ്റ ഡി മരിയയും ടീമിൽ ഇല്ലയിരുന്നു.
മറുവശത്ത് ന്യൂകാസിൽ താരം സലോമോൺ റോൺഡോണിന്റെ നേതൃത്വത്തിൽ വർദ്ധിത വീര്യത്തോടെ കളിച്ച വെനിസ്വേല ഒത്തൊരുമയുള്ള നീക്കങ്ങളുമായി മെസിയെയും സംഘത്തെയും നിലംപരിശാക്കുകയായിരുന്നു. ആറാം മിനിറ്രൽ തന്നെ റോൺഡോൺ തകർപ്പനൊരു വലങ്കാലൻ ഷോട്ടിലൂടെ വെനിസ്വേലയെ മുന്നിലെത്തിച്ചു. മദ്ധ്യവരയ്ക്ക് തൊട്ടു പിന്നിൽ നിന്ന് റോസാൽസ് ഉയർത്തി നൽകിയ പന്ത് അർജന്റീനൻ പെനാൽറ്രി ബോക്സിനകത്ത് വച്ച് അതിമനോഹരമായി വരുതിയിലാക്കി റോൺഡോൺ തൊടുത്ത ഷോട്ട് ഗോൾകീപ്പർ അർമാനിയെ കാഴ്ചക്കാരനാക്കി വല കുലുക്കി. 44-ാം മിനിറ്റിൽ റൊസാൽസ് നൽകിയ പാസിൽ നിന്ന് ജോൺ മുറീലോ വെനിസ്വേലയുടെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ലൊ സെൽസോ നൽകിയ പാസിൽ നിന്ന് ലൗട്ടറോ മാർട്ടിനസ് അർജന്റീനയ്ക്കായി ഒരു ഗോൾ മടക്കി. തുടർന്ന് സമനിലയ്ക്കായി കിണഞ്ഞു ശ്രമിക്കവെ 75-ാം മിനിറ്റിൽ വഴങ്ങിയ പെനാൽറ്രി അർജന്റീനയുടെ പരാജയം ഉറപ്പിക്കുകയായിരുന്നു .റോൺഡോണിന് പകരക്കാരനായി കളത്തിലെത്തിയ ജോസഫ് മാർട്ടിനസ് പിഴവില്ലാതെ പെനാൽറ്റി വലയിലാക്കി.
വെനിസ്വേലൻ ഗോളി ഫാരിനസിന്റെ തകർപ്പൻ സേവുകളും അർജന്റീനയ്ക്ക് വിലങ്ങ് തടിയാവുകയായിരുന്നു. മാർട്ടിനസിന്റെ ക്ലോസ്റേഞ്ച് ഹെഡ്ഡറും മെസിയുടെ ലോംഗ് റേഞ്ചറും ഉൾപ്പെടെ ഗോളെന്നുറച്ച നിരവധി അവസരങ്ങളിൽ ഫാരിനസ് വെനിസ്വേലയുടെ രക്ഷകനായി.