lookout-notice

ബീജിംഗ്: മുങ്ങി നടക്കുന്ന പ്രതികളെ പിടിക്കാനാണ് പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പ്രതിയുടെ എറ്റവും ലേറ്റസ്റ്റായ ചിത്രമുൾപ്പെടെയുള്ള വിവരങ്ങളാവും ഇതിലുണ്ടാവുക. എന്നാൽ ചൈനീസ് പൊലീസ് അടുത്തിടെ പുറത്തിറക്കിയ ലുക്ക് ഒൗട്ട് നോട്ടീസ് കണ്ട് എല്ലാവരും അമ്പരന്നു. പ്രതിയുടെ കുട്ടിക്കാലത്തെ ചിത്രമാണ് നോട്ടീസിൽ പതിച്ചിരുന്നത്. സംഭവം വിവാദമായതോടെ ക്ഷമാപണം നടത്തി ചിത്രം പിൻവലിച്ച് പൊലീസ് തടിയൂരി.

നൂറോളം പേരുടെ ലുക്ക് ഒൗട്ട് നോട്ടീസുകളാണ് പാെലീസ് പുറത്തുവിട്ടത്. ഇതിലൊന്നിലാണ് അബദ്ധം പിണഞ്ഞത്. പ്രതിയുടെ നിലവിലെ ഫോട്ടോ ലഭിക്കാത്തതിനാലാണ് പഴയ ചിത്രം ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്ന ന്യായീകരണം. പഴയ ഫോട്ടോ ആണെങ്കിലും പ്രതിയുടെ ശരീര ലക്ഷണങ്ങൾ ഫോട്ടോയിലുള്ളതിൽ നിന്ന് അല്പംപോലും മാറിയിട്ടില്ലെന്നും ഏത് തരത്തിലുമുള്ള വിവരവും സ്വാഗതം ചെയ്യുന്നുവെന്നും പൊലീസ് പറഞ്ഞു.

തുടർന്നാണ് സോഷ്യമീഡിയയിൽ ചിത്രം വൈറലായത്. ട്രോളുകളുടെ പെരുമഴയായതോടെയാണ് പഴയ ഫോട്ടോ ഉപയോഗിച്ചതിലെ അനൗചിത്യം പൊലീസിന് വ്യക്തമായത്. അതോടെ ഫോട്ടോ പിൻവലിച്ച് അവർ ക്ഷമാപണം നടത്തുകയായിരുന്നു. ജോലിയിലെ ജാഗ്രത കുറവിന് ക്ഷമ ചോദിക്കുന്നെന്നായിരുന്നു പൊലീസ് പുറത്തുവിട്ട കത്തിലുള്ളത്.ഉത്തരവാദത്വരഹിതമായി പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനാണ് മേധാവികളുടെ തീരുമാനം.