okinoshima-island

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപ്. കേട്ടിട്ടുണ്ടോ?​ ഇവിടെങ്ങുമല്ല,​ അങ്ങ് ജപ്പാനിലാണ്. ജപ്പാനിലെ മുനാകാത്ത പട്ടണത്തിന്റെ ഭാഗമാണ് ഒകിനോഷിമ എന്ന ദ്വീപ്. ഇവിടെ സ്ത്രീകൾക്കു പ്രവേശനമില്ലെന്നു മാത്രമല്ല, ദ്വീപിലെത്തുന്ന പുരുഷന്മാർ ആചാരമനുസരിച്ച് പൂർണനഗ്നരായി സ്‌നാനം ചെയ്‌ത് ശുദ്ധരായ ശേഷമെ ദ്വീപിൽ കയറാവൂ എന്ന നിബന്ധനയുമുണ്ട്.

പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപെട്ടതെന്നു കരുതുന്ന, ഷിന്റോ മതവിശ്വാസികളുടെ ഒകിറ്റ്സു എന്ന ദേവാലയം ഇവിടെയുണ്ട്. 97 ഹെക്ടറാണ് ദ്വീപിന്റെ വലുപ്പം. മുനാകാത്ത ടൈഷ എന്ന ഒരു വിഭാഗം ഷിന്റോ പുരോഹിതരാണ് ഈ ദ്വീപിലെ താമസക്കാർ. വർഷത്തിൽ ഒരു ദിവസം മെയ് 27 ന്- 200 പുരുഷന്മാർക്കു മാത്രമെ ഇവിടെ പ്രവേശനം അനുവദിക്കൂ.

okinoshima-islandokinoshi

1904 - 05ൽ ജപ്പാനും റഷ്യയും തമ്മിൽ നടന്ന കടൽ യുദ്ധത്തിൽ കൊല്ലപ്പെട്ട നാവികർക്ക് സ്‌മരണാഞ്ജലി അർപ്പിക്കാനാണ് ഈ പ്രവേശനം. ദ്വീപിലെത്തുന്ന പുരുഷതീർത്ഥാടകർക്ക് ഓർമയ്‌ക്കായി ഇവിടെനിന്ന് ഒരു പുൽനാമ്പു പോലും പുറത്തു കൊണ്ടുപോകാനോ യാത്രയുടെ വിശദാംശങ്ങളോ ദ്വീപിൽ കണ്ട കാര്യങ്ങളോ മറ്റുള്ളവരോടു പറയാനോ അനുവാദമില്ല.

ആർത്തവ രക്തം അശുദ്ധമാണെന്ന ഷിന്റോ വിശ്വാസം മൂലമാണ് സ്ത്രീകൾക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, പണ്ട് കടൽയാത്ര അപകടം പിടിച്ചതായിരുന്നെന്നും സ്ത്രീകളെ അതിൽനിന്ന് ഒഴിവാക്കാനാണ് ഇത്തരമൊരു ആചാരം തുടങ്ങിയതെന്നും ഒരു മറുവാദവുമുണ്ട്. കൗതുകമുണർത്തുന്നതും കലാമൂല്യമുള്ളതുമായ നിരവധി വസ്തുക്കൾ കൊണ്ട് സമ്പന്നമാണ് ഒകിനോഷിമ എന്ന ഈ ദ്വീപ്.

okinoshima-island

ഒരു ദേശത്തിന്റെ നിധി എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന എൺപതിനായിരത്തോളം വസ്‌തുക്കൾ ഈ ദ്വീപിലുണ്ട്. ഏറ്റവും വിശേഷപ്പെട്ടതെന്നു കരുതുന്ന, ചൈനയിലെ വേയ് രാജവംശത്തിലെ കണ്ണാടി, കൊറിയയിൽ നിന്നുള്ള സ്വർണ മോതിരങ്ങൾ, പേർഷ്യൻ സ്‌ഫടികപാത്രങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ അത്യപൂർവ കാഴ്‌ചകളാണ്.