മോസ്കോ: മുന്നിൽ നിൽക്കുന്നവന്റെ മുഖത്തടിക്കും. ഒന്നല്ല, പലതവണ. എതിരാളി വീഴുന്നതുവരെ അടി തുടരും. ഇതാണ് മാൻ സ്ളാപ്പിംഗ് എന്നറിയപ്പെടുന്ന മുഖത്തടി മത്സരം. റഷ്യക്കാരാണ് ഇതിന്റ ആശാന്മാർ. നേരത്തേ രാജ്യത്തിന്റെ ചില കോണുകളിൽ മാത്രമാണ് ഇതുനടത്തിയിരുന്നതെങ്കിലും ഇപ്പോൾ വ്യാപകമാണ്.
പക്ഷേ, ഇത് നിയമപ്രകാരമല്ലെന്നുമാത്രം. വമ്പൻ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുന്നത്. ആഴ്ച അവസാനമാണ് മത്സരം നടക്കുന്നത്. പ്രവേശന ഫീസ് നൽകുന്ന ആർക്കും പങ്കെടുക്കാം. എതിരാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം മത്സരാർത്ഥിക്ക് ഉണ്ടാവില്ല. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും നിന്നാണ് ഏറ്റുമുട്ടൽ. ആദ്യം ഒരാൾക്കുമാത്രമാണ് അടിക്കാൻ അവസരം ലഭിക്കുന്നത്. ടോസിലൂടെയാണ് തീരുമാനമെടുക്കുന്നത്.
ടോസ് കിട്ടുന്നയാൾ മേശയ്ക്ക് അപ്പുറം നിൽക്കുന്നവന്റെ മുഖത്ത് ആഞ്ഞടിക്കണം. അനുവദിച്ചിരിക്കുന്ന സമയത്ത് പരമാവധി ശക്തിയിൽ എത്രതവണവേണമെങ്കിലും അടിക്കാം. ഒരാളുടെ ഉൗഴംകഴിഞ്ഞാൽ അടുത്തയാൾക്ക് അവസരം ലഭിക്കും. നിശ്ചിതസമയം പൂർത്തിയാക്കുന്നതിനുമുമ്പ് അടിയേറ്റയാൾ വീണുപോയാൽ എതിരാളിയെ വിജയിയായി പ്രഖ്യാപിക്കും. കർശന നിബന്ധനകളാണ് മത്സരാർത്ഥികൾ പാലിക്കേണ്ടത്. എതിരാളിയുടെ കവിളുകളിൽ മാത്രമാണ് അടിക്കാൻ അനുവാദമുള്ളത്.
അടികിട്ടുമ്പോൾ തടുക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യരുത്. മത്സരം കഴിഞ്ഞാൽ അടികിട്ടിയതിന്റെ പേരിൽ പ്രതികാര നടപടികൾ അരുത്. ഇതിൽ വീഴ്ചവരുത്തുന്നവർക്ക് പിന്നീടൊരിക്കലും മുഖത്തടി മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കില്ല. ഇപ്പോൾ ആണുങ്ങൾ മാത്രമാണ് മത്സരിക്കുന്നത്.