തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ രംഗത്തെത്തി. രാഹുൽ ഗാന്ധി മത്സരിക്കാൻ തയ്യാറായതോടെ കേരളത്തിൽ യു.ഡി.എഫിന് വൻ മുൻതൂക്കം ലഭിക്കും. മത്സരിക്കാൻ രാഹുൽ കേരളത്തിലേക്ക് വരുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കോൺഗ്രസ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവു കൂടിയാണ്. അദ്ദേഹത്തിന് ദേശീയ ഉത്തരവാദിത്തമുണ്ട്. എല്ലായിടത്തും പ്രചാരണത്തിന് പോകേണ്ടി വരും. എങ്കിലും ഉത്തരഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഒരു സാന്നിധ്യം കാണിക്കാൻ രാഹുലിന് സാധിക്കും. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആരോപിച്ചു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി. അതു കൊണ്ടാണ് ബി.ജെ.പിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തത്. അമേത്തിയിൽ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. സി.പി.എം പ്രവർത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുൽ കേരളം തെരെഞ്ഞെടുത്തത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു