കാസർകോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾക്കെതിരെ ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് (സെക്കൻഡ്) കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കൂടുതൽ അറസ്റ്റ് ഉണ്ടാവുകയാണെങ്കിൽ അവർക്കെതിരെ അഡിഷണൽ കുറ്റപത്രം നൽകാമെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണസംഘം.
കോൺഗ്രസും യു.ഡി.എഫും സി.ബി.ഐ അന്വേഷണത്തിന് കോപ്പുകൂട്ടുന്നതും ഹൈക്കോടതിയെ സമീപിക്കാനുള്ള സാദ്ധ്യതയും മുന്നിൽക്കണ്ടാണ് കുറ്റപത്രം വേഗത്തിൽ നല്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയാൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം നഷ്ടപ്പെടും. പ്രതികൾക്ക് കടുത്തശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് പ്രവർത്തിച്ചതെന്ന സന്ദേശം നൽകാനും കൂടിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്നത് സംബന്ധിച്ച ആലോചനകൾ നടക്കുന്നത്. മുഖ്യപ്രതി സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ (37), കല്യോട്ട് എച്ചിലടുക്കം സ്വദേശികളായ ഡ്രൈവർ സജി ജോർജ് (32), കെ.എം. സുരേഷ് (27), കെ. അനിൽകുമാർ എന്ന അമ്പു (33), ബേഡകം കുണ്ടംകുഴിയിലെ എ. അശ്വിൻ എന്ന അപ്പു (18), കല്യോട്ടെ ശ്രീരാഗ് എന്ന കുട്ടു (22), ജി.ഗിജിൻ (26) എന്നിവരെയാണ് ആദ്യം കേസ് അന്വേഷിച്ചിരുന്ന ലോക്കൽ പൊലീസ് അറസ്റ്റുചെയ്തിരുന്നത്. പെരിയ തന്നിത്തോട്ടെ എ. മുരളി (36), പെരിയ കണ്ണോത്ത് താനിത്തിങ്കലിൽ സി. രഞ്ജിത്ത് എന്ന അപ്പു (24) എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത വാഹനങ്ങൾ, കണ്ടെടുത്ത ആയുധങ്ങൾ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോറൻസിക് പരിശോധന റിപ്പോർട്ടുകൾ, പ്രതികൾ തമ്മിലുള്ള ഫോൺ വിളികളുടെ വിവരങ്ങൾ, മറ്റു ശാസ്ത്രീയ തെളിവുകൾ, പ്രതികളുടെ മൊഴികൾ, സാക്ഷിമൊഴികൾ എന്നിവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കും. കൊലപാതകം വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയേക്കും. അറസ്റ്റിലായ പ്രതികളിൽ പലർക്കും കൊല്ലപ്പെട്ട യുവാക്കളുമായി വ്യക്തിവിരോധം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ റിപ്പോർട്ടും ഇതാണ് സൂചിപ്പിക്കുന്നത്.