തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്ന് പാർട്ടി കേന്ദ്രനേതൃത്വം അറിയിച്ചു. പത്തനംതിട്ടയിലെ സ്ഥാനാത്ഥി നിർണയം വൈകുന്നതിൽ ആർ.എസ്.എസ് നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം എത്തിയത്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കെ.സുരേന്ദ്രൻ ചരിത്ര മുന്നേറ്റം നടത്തും. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായ കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ആക്കണമെന്ന് പാർട്ടിയെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പത്തനംതിട്ട സീറ്റിന് വേണ്ടി ശ്രീധരൻപിള്ളയും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും കൂടി രംഗത്ത് വന്നതോടെ കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തിലായി. തുടർന്ന് ബി.ജെ.പി പുറത്തിറക്കിയ സ്ഥാനാത്ഥി പട്ടികയിലൊന്നും സുരേന്ദ്രന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് രാഷ്ട്രീയ രംഗത്ത് വൻ അഭ്യൂഹങ്ങൾക്ക് കാരണമായി. പത്തനംതിട്ട സീറ്റിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവോ, ബി.ജെ.പിയുടെ മുതിർന്ന നേതാക്കളോ വരുമെന്ന് പോലും പ്രചാരണങ്ങൾ നടന്നു. ഇതിനിടയിലാണ് നാടകീയമായി സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുന്നത്.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ കനത്തതോടെ സംസ്ഥാന ആർ.എസ്. എസ് നേതൃത്വവും അദ്ദേഹത്തിനായി. കെ.സുരേന്ദ്രനില്ലാതെ തിരഞ്ഞടുപ്പിനിറങ്ങിയാൽ എല്ലാ മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാവുമെന്ന് കേരളത്തിലെ നേതൃത്വത്തിനറിയാം. ഇതൊഴിവാക്കാനുള്ള ശ്രമങ്ങളായിരുന്നു ആർ.എസ്.എസ് നടത്തിയത്. പത്തനംതിട്ടയിലെ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നത് പ്രവർത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യവും കേന്ദ്ര നേതൃത്വം പരിഗണിച്ചു.