റൗൾ വിൻസി. അപരിചിതത്വം നിറഞ്ഞ ഈ പേരിൽ അമ്പരപ്പു വേണ്ട. കേംബ്രിഡ്‌ജ് ഹാർവാർഡ് സർവകലാശാലയിൽ 1991 കാലത്ത് പഠിച്ചിരുന്ന ഡിഗ്രി വിദ്യാർത്ഥി. കോളേജിന്റെ ഉന്നത അധികൃതർക്കും ബ്രിട്ടനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രം ആ വിദ്യാർത്ഥിയുടെ യഥാർത്ഥ പേര് അറിയാം- രാഹുൽ ഗാന്ധി!
പഠനകാലമാത്രയും സുരക്ഷാ ഉദ്യോഗസ്ഥർ വരച്ചിട്ട വിലക്കുകളുടെ അതിരുകൾക്കുള്ളിലായിരുന്നു, രാഹുൽ.
ഡൽഹി സെന്റ് കൊളംബസ് സ്‌കൂളിനു ശേഷം ഡെറാഡൂണിലെ ഡൂൺ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1984-ൽ രാഹുൽ ഡൂൺ സ്‌കൂളിൽ പഠിക്കുമ്പോഴാണ് മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ മരണം. അതോടെ, രാഹുലിന്റെയും അനുജത്തി പ്രിയങ്കയുടെയും പഠനം സ്‌കൂളിലെ ക്ളാസ് മുറിയിൽ നിന്ന് വീട്ടിലെ സ്വകാര്യ പഠന മുറിയിലേക്കു മാറി.
1989-ൽ സെന്റ്. സ്റ്റീഫൻസ് കോളേജിൽ അണ്ടർ ഗ്രാജ്വേഷനു ചേർന്നു. ജീവിതം സാധാരണപോലെ ഒഴുകിത്തുടങ്ങുമെന്നു കരുതുമ്പോഴേക്കും അടുത്ത ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു. 1991 മേയിൽ അച്ഛൻ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. പഠനം ഹാർവാർഡിലെ റോളിൻസ് കോളേജിലേക്ക്. അക്കാലത്തായിരുന്നു പേരിലെ വേഷപ്രച്ഛന്നത. പിന്നീട്, ട്രിനിറ്റി കോളേജിൽ എം.ഫില്ലിനു ചേർന്നപ്പോഴും തോക്കേന്തിയ കാവലാളുകൾ ബ്രിട്ടനിൽ രാഹുലിന്റെ കൂടെ നടന്നു.
അധികമൊന്നും മനസ്സു തുറക്കുന്ന ശീലം പണ്ടേയില്ല, രാഹുലിന്. പ്രത്യേകിച്ച് സ്വകാര്യ വിഷയങ്ങൾ. ശ്രീപെരുമ്പതൂരിൽ അച്ഛൻ കൊല്ലപ്പെടുമ്പോൾ രാഹുലിന് 21 വയസ്സാണ്. അച്ഛന്റെ മൃതദേഹം ചിതയിൽ കത്തിയമരുമ്പോൾ രാഹുൽ പൊട്ടിക്കരഞ്ഞു. അന്ന് ജ്യേഷ്‌ഠനെ ആശ്വസിപ്പിച്ചതു പോലും പ്രിയങ്കയാണ്.
ഇന്ത്യയിൽ തിരിച്ചെത്തി, ഡൽഹിയിൽ ജീവിതം തുടരുമ്പോഴും ആദ്യമൊക്കെ രാഷ്ട്രീയത്തിൽ നിന്ന് രാഹുൽ അകന്നുനിന്നു. ഇടയ്‌ക്കു ചില വിദേശയാത്രകൾ. പലപ്പോഴും ആരോടും പറയുക പോലുമില്ല. നിന്ന നില്‌പിൽ ഒരു പോക്ക്. ആ രഹസ്യ സഞ്ചാരങ്ങളെക്കുറിച്ച് പല കഥകളും പത്രങ്ങളെഴുതി. രാഹുൽ ഒന്നിനും മറുപടി പറഞ്ഞില്ല.
2004-ൽ അച്ഛന്റെയും അമ്മയുടെയും മണ്ഡലമായ യു.പിയിലെ അമേതിയിൽ മത്സരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ രാഷ്ർട്രീയ പ്രവേശം. കുപ്പിപ്പാലിന്റെ മണം മാറാത്ത ചോക്കലേറ്റ് ബേബിയെന്ന് കോൺഗ്രസിലെ തന്നെ മുതിർന്ന പലരും അടക്കംപറഞ്ഞു. അമ്മുയടെ സാരിത്തുമ്പിനു പിന്നാലെ, അനുസരണശീലമുള്ള മകനപ്പോലെ രാഹുൽ നിശ്ശബ്‌ദം നടന്നു.
ഒന്നൊന്നായി അമ്മ രാഹുലിനെ പഠിപ്പിക്കുകയായിരുന്നു. പതിയെപ്പതിയെ ചുമതലകൾ ഓരോന്നായി ഏല്‌പിച്ചു. ആദ്യം പാർട്ടി ജനറൽ സെക്രട്ടറി. അത് 2014-ൽ. 2013-ൽ കോൺഗ്രസ് ഉപാദ്ധ്യക്ഷ പദവിയിൽ. രാഷ്‌ട്രീയകാര്യങ്ങൾ സൂക്ഷ്‌മമായി പഠിച്ചെങ്കിലും, ശുദ്ധമനസ്സു കൊണ്ട് പറഞ്ഞ പലതും രാഹുലിനു വിനയായി. പറഞ്ഞ പലതിനും മാദ്ധ്യമങ്ങൾ പുതിയ അർത്ഥങ്ങൾ നൽകി. രാഹുൽ ഓരോന്നും അനുഭവിച്ചു പഠിക്കുകയായിരുന്നു.
അമ്മയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ കാലത്തിനു മുമ്പേ, തലമുറമാറ്റത്തിന്റെ അനിവാര്യത പാർട്ടിയിൽ ചർച്ചയായിരുന്നു. രാഹുൽ പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്കു വരണം. അഭ്യൂഹങ്ങൾ ഒരുപാടുണ്ടായി. കാത്തിരിപ്പുകൾക്കൊടുവിൽ രാഹുൽ പാർട്ടിയുടെ അമരത്തെത്തിയത് 2017 ഡിസംബറിൽ.
പൊതുവെ നിശ്ശബ്‌ദനും, ക്ഷിപ്രപ്രതികരണശാലിയുമല്ലാത്ത രാഹുൽ മാറുകയായിരുന്നു. ഒടുവിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ, രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നു പാർലമെന്റിൽ വിളിച്ചു പറഞ്ഞപ്പോൾ രാഹുൽ സ്വന്തം നായകത്വം പ്രഖ്യാപിക്കുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പ് രാഹുലിന്റെ ചുമലിൽ ഏല്പിക്കുന്നത് ഭാരമേറിയ രണ്ട് ദൗത്യങ്ങളാണ്. ഒന്ന്, രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക്, മുതുമുത്തച്ഛനെയും മുത്തശ്ശിയെയും അച്ഛനെയും പോലെ പ്രാപ്തിയുള്ള നേതാവാണ് താനെന്ന് സ്വയം തെളിയിക്കുക.രണ്ട്, കോൺഗ്രസ് എന്ന രാഷ്‌ട്രീയ കക്ഷിയെ അതിന്റെ പ്രതാപകാലത്തെ ഉശിരോടെ ബി.ജെ.പിക്കു മുന്നിൽ പ്രതിഷ്‌ഠിക്കുക.