തിരുവനന്തപുരം: പ്രണവപത്മം പുരസ്ക്കാരം ഏറ്റുവാങ്ങാനായി എത്തിച്ചേരുന്ന മോഹൻലാലിനെ വരവേൽക്കാൻ ശാന്തിഗിരി ആശ്രമം ഒരുങ്ങിക്കഴിഞ്ഞു. നാളെ (25ന് തിങ്കളാഴ്ച) വൈകുന്നേരം അഞ്ചിന് പരിപാടികൾ ആരംഭിക്കും. മലയാളത്തിന്റെ പ്രിയ നടൻ ശാന്തിഗിരിയിലെത്തുമ്പോൾ അത് നാടിന്റെ ഉത്സവമായി മാറും.
നേപ്പാൾ മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാൽ ആണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്. 50000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ആഡിറ്റോറിയത്തിന്റെ പണി പുരോഗമിക്കുകയാണ്. 60അടി നീളവും 40അടിവീതിയുമുള്ള വേദിയാണ് തയ്യാറാകുന്നത്. 1000സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള എൽ.ഇ.ഡിസ്ക്രീൽ വേദിയിൽ നടക്കുന്ന പരിപാടികൾക്ക് കൂടുതൽ മിഴിവേകും. ലൈവ് സംപ്രേക്ഷണവും നടക്കും.
240 അടി നീളവും 84അടി വീതിയുമുള്ള പന്തലാണ് പുരസ്ക്കാരദാന ചടങ്ങിനായി ശാന്തിഗിരി ഗ്രൌണ്ടിൽ ഒരുങ്ങുന്നത്. മോഹൻലാലിനെ വരവേൽക്കുന്ന ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിലെ കുട്ടികൾ പ്രത്യേക നൃത്തപരിപാടിയ്ക്ക് രൂപംനല്‍കി. അതിന്റെ പരിശീലനം കോളേജിൽ ആവേശത്തോടുകൂടി നടന്നു വരികയാണ്. ഇതുകൂടാതെ കോളേജ് വിദ്യാർത്ഥികൾ മോഹൻലാലുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
വേദിയിൽ പുരസ്ക്കാരം സമർപ്പണത്തിന് ശേഷമായിരിക്കും കുട്ടികളുമായി മോഹൻലാൽ സംവദിക്കുക. എല്ലാ പ്രവർത്തനങ്ങളും കോർത്തിണക്കുന്ന മികച്ച സംഘാടകന്റെ വേഷത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എല്ലായിടത്തും നിറ സാന്നിദ്ധ്യമാകുന്നുണ്ട്. സംവിധായകൻ വി.എ. ശ്രീകുമാർ മേനോനാണ് പരിപാടികൾ സജ്ജീകരിക്കുന്നത്.
മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ രാഷ്ട്രീയ കലാസാംസ്ക്കാരിക സാഹിത്യനായകന്മാർ ഉദ്യോഗസ്ഥ പ്രമുഖർ എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെ പരിപാടിയിൽ പങ്കെടുക്കുവാനായി എത്തുന്നുണ്ട്. പുരസ്കാര സമ്മാന വേദിയിൽ വച്ച് ഡോ.ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ 'ഹൃദയരാഗങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.
വൈകിട്ട് 5മണി മുതൽ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങളെ കോർത്തിണക്കിയ വിസ്മയമോഹനം. എന്ന പേരിൽ സ്റ്റേജ് ഷോ നടക്കും ഇതിൽ പ്രശസ്ത വയലിസ്റ്റ് ശബരീഷിന്റെ നാദധാര,ചലച്ചിത്ര പിന്നണിഗായകരായ ജാസീഗിഫ്റ്റ് , സുധീപ്കുമാർ, രവിശങ്കർ ഉൾപ്പെടെ പ്രശസ്തർ നയിക്കുന്ന ഗാനതരംഗം എന്ന പ്രത്യേക ഗാനമേള പരിപാടി.
പ്രശസ്ത സംഗീതജ്ഞൻ ചാൾസ് ആന്റണിയുടെ ഗിറ്റാർ സംഗീതം, ചലച്ചിത്ര ടി വി താരങ്ങളായ നോബി മാർക്കോസ്, ബിനുകമൽ, തുടങ്ങിയവർ അവതരിപ്പിക്കുന്ന ഹാസ്യവിരുന്ന്. പ്രമുഖ കാലാകാർ അണിനിരക്കുന്ന വിവിധ നൃത്തപരിപാടികൾ. എന്നിവ അരങ്ങിനെ സംഗീത-കലാ സാന്ദ്രമാക്കും. ശാന്തിഗിരി ആശ്രമം വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പുരസ്കാരം നൽകുന്നത്.